ബംഗളൂരു: കന്നട സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 87ാമത് അഖില ഭാരത കന്നട സാഹിത്യ സമ്മേളനത്തിന് മാണ്ഡ്യയിൽ തുടക്കമായി. സമ്മേളന അധ്യക്ഷൻ ചന്നബസപ്പയുടെ സാന്നിധ്യത്തിൽ മാണ്ഡ്യ ജില്ല ചുമതലയുള്ള മന്ത്രിയും സമ്മേളന സ്വാഗതസംഘം ചെയർമാനുമായ ചലുവരയസ്വാമി ദേശീയ പതാകയുയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കംകുറിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തെ സാഹിത്യ പ്രേമികൾക്കുള്ള കന്നട ഹബ്ബെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി സാഹിത്യ -സാംസ്കാരിക മേഖലകളിൽ കർണാടകയെ അടയാളപ്പെടുത്തുന്നതിൽ മാണ്ഡ്യ എന്ന നാട് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ആധുനിക മാണ്ഡ്യയുടെ ശിൽപികളായ മൈസൂർ ഭരണാധികളായിരുന്ന രാജകുടുംബാംഗം ഹൈദരലിയെയും ടിപ്പു സുൽത്താനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് നാടിന്റെ സാംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന കലാപരിപാടികൾ അരങ്ങേറിയ ഘോഷയാത്രക്ക് പൊതുജനങ്ങളിൽനിന്ന് വൻ വരവേൽപാണ് ലഭിച്ചത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഒരു ലക്ഷത്തോളം പ്രതിനിധികൾ പങ്കെടുക്കും.
സാഹിത്യ - സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ചകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവ സമ്മേളനത്തിലുണ്ടാകും.
കന്നട സാഹിത്യ സമ്മേളനം ഉദ്ഘാടന ചടങ്ങിൽ മുൻ പ്രസിഡന്റ് പ്രഫ. ദൊഡ്ഡരംഗ ഗൗഡ, ഡോ. നിർമലാനന്ദനാഥ സ്വാമി, കന്നട സാഹിത്യ പരിഷത് പ്രസിഡന്റ് മഹേഷ് ജോഷി, ജ്ഞാനപീഠ ജേതാവ് ചന്ദ്രശേഖര കമ്പാർ, സ്പീക്കർ യു.ടി. ഖാദർ, കാർഷിക മന്ത്രി ചലുവരയസ്വാമി, സാംസ്കാരിക മന്ത്രി ശിവരാജ് എസ്, സാമൂഹിക ക്ഷേമ മന്ത്രി മഹാദേവപ്പ, എം.എൽ.എമാരായ പി. രവികുമാർ, രമേശ് ബാബു, നരേന്ദ്ര സ്വാമി, എം.എൽ.സി അംഗങ്ങളായ മദ്ദു മാദഗൗഡ, ദിനേശ് ഗൂളിഗൗഡ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.