കർണാടക മോഡൽ വികസനം നിരത്തി സിദ്ധരാമയ്യയുടെ ബജറ്റ്

ബംഗളൂരു: കർണാടക മോഡൽ വികസനമെന്ന വിശേഷണത്തോടെ ധനകാര്യം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യ കർണാടകയുടെ 2024-25 വർഷ ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു.

സിദ്ധരാമയ്യ അവതരിപ്പിക്കുന്ന പതിനഞ്ചാമത്തേയും നടപ്പു സഭയിൽ രണ്ടാമത്തേയും ബജറ്റാണിത്. കാർഷിക മേഖലയിൽ നൂതന ആശയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകരെയും സ്ത്രീകളെയും അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി, ജെ.ഡി.എസ് അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ലെജിസ്ലേറ്റിവ് കൗൺസിലിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെത്തുടർന്ന് ഉപരിസഭ ഭരണ-പ്രതിപക്ഷ വാക്പോരിൽ പൊരിഞ്ഞു. രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വസ്ത്ര-നെയ്ത്ത് മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി നടപ്പാക്കും.

ഭക്ഷ്യ പൊതുവിതരണം, ആരോഗ്യം, ആരോഗ്യ വിദ്യാഭ്യാസം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, വനിത ശിശു വികസനം, പട്ടികജാതി/വർഗ ക്ഷേമം, പാർപ്പിട നിർമാണം, തൊഴിൽ നൈപുണ്യ വികസനം, ഗ്രാമവികസനം, നഗര വികസനം, ഊർജം, പാതകളും പാലങ്ങളും, വാണിജ്യവും വ്യവസായവും, ഭാഷയും സംസ്കാരവും, വനം-പരിസ്ഥിതി, എക്സൈസ്, ജലവിഭവം, സഹകരണം, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളെയും ബജറ്റ് സ്പർശിച്ചു.

ബജറ്റ് 2024-25 ഒറ്റനോട്ടത്തിൽ

കാർഷിക മേഖല

  • കർണാടക റയ്ത സമൃദ്ധി യോജന
  • കൃഷി വികസന അതോറിറ്റി
  • ശിവമൊഗ്ഗ, വിജയപുര, പുജെനഹള്ളി എന്നിവിടങ്ങളിൽ വിമാനത്താവളവുമായി ഭക്ഷ്യ ഉദ്യാനങ്ങൾ

ജലവിഭവം

  • കലബുറഗി നഗരത്തിൽ കുടിവെള്ള വിതരണത്തിന് 365 കോടിയുടെ പദ്ധതി

സ്കൂൾ വിദ്യാഭ്യാസം

  • 2000 പ്രൈമറി വിദ്യാലയങ്ങൾ സ്മാർട്ടാക്കും
  • 20,000 പി.യു കോളജുകളിലെ സയൻസ് വിദ്യാർഥികൾക്ക് മത്സര പരീക്ഷ കോച്ചിങ്

ആരോഗ്യം

  • ഏഴ് ജില്ലകളിൽ അത്യാഹിത വിഭാഗം ബ്ലോക്കുകൾ നിർമിക്കാൻ 187 കോടി
  • ഉത്തര കർണാടകയിൽ 50 പുതിയ ബ്ലഡ് ബാങ്കുകൾ

മൃഗസംരക്ഷണം

  • പുതിയ വെറ്ററിനറി കെട്ടിടങ്ങൾ നിർമിക്കാൻ 100 കോടി

സാമൂഹിക ക്ഷേമം

  • റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികളുടെ ഭക്ഷണ അലവൻസിൽ 100 രൂപ വർധന

ഗ്രാമവികസനം

  • സൗരോർജ പദ്ധതികൾ
  • ഖരമാലിന്യ സംസ്കരണ പദ്ധതികൾ

ഊർജം

  • ഗൃഹജ്യോതി പദ്ധതിയിൽ 1.65 കോടി ഉപഭോക്താക്കൾ

ആരോഗ്യ വിദ്യാഭ്യാസം

  • ബംഗളൂരു നെഫ്രോ-യൂറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ റോബോട്ടിക് സർജറി സൗകര്യം ഒരുക്കാൻ 20 കോടി

വനിത-ശിശുവികസനം

  • ഗൃഹലക്ഷ്മി ഗ്യാരന്റി പദ്ധതിയിൽ 28,608 കോടി 
  • 1000 അംഗൻവാടികൾക്ക് 200 കോടി

സഹകരണം

  • 36 ലക്ഷം കർഷകർക്ക് 27,000 കോടി വിള വായ്പ

‘‘ഏനില്ല, ഏനില്ല സിദ്ധരാമയ്യന ബജറ്റിൽ ഏനില്ല...’’

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിനെ കർഷകവിരുദ്ധം, സ്ത്രീവിരുദ്ധം എന്നാരോപിച്ച് പ്രതിപക്ഷത്തെ ബി.ജെ.പി ജെ.ഡി.എസ് അംഗങ്ങൾ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

പുറത്ത് മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ ഒത്തുകൂടി പ്രതിപക്ഷ അംഗങ്ങൾ ‘‘ഏനില്ല, ഏനില്ല സിദ്ധരാമയ്യന ബജറ്റിൽ ഏനില്ല...’’ (ബജറ്റിൽ ഒന്നുമില്ല) മുദ്രാവാക്യം മുഴക്കി.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Karnataka-Development-Siddaramaiah-Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.