ബംഗളൂരു: കർണാടകയിലെ സ്വകാര്യ നഴ്സിങ് കോളജുകളിലെ ബി.എസ്സി നഴ്സിങ് കോഴ്സ് ഫീസ് സർക്കാർ നിശ്ചയിച്ചു. 60 ശതമാനം സീറ്റുകളിൽ സർക്കാർ നിശ്ചയിച്ച ഫീസിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കണം.
കർണാടകയിൽ സ്ഥിര താമസക്കാർക്ക് വർഷം ഒരു ലക്ഷം രൂപയായിരിക്കും ഫീസ്. കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ 1.40 ലക്ഷം രൂപ നൽകണം. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഈ സീറ്റുകളിലേക്കുള്ള അഡ്മിഷൻ. ബാക്കിയുള്ളതിൽ 20 ശതമാനം സീറ്റ് മാനേജ്മെന്റ് ക്വോട്ടയാണ്. ഇതിലേക്ക് മാനേജ്മെന്റിന് സ്വതന്ത്രമായി പ്രവേശനം നടത്താം. ഫീസ് നിയന്ത്രണമില്ല. ശേഷിക്കുന്ന 20 ശതമാനം സീറ്റ് സർക്കാർ ക്വോട്ടയായി നീക്കിവെക്കണം. ഇതിൽ സർക്കാർ നിയന്ത്രണ പ്രകാരമായിരിക്കും പ്രവേശനം. വർഷം 10,000 രൂപയാണ് ഫീസ്. ഇതാദ്യമായാണ് കർണാടകത്തിൽ സ്വകാര്യ നഴ്സിങ് കോളജുകളിലെ ബി.എസ്സി നഴ്സിങ് കോഴ്സുകളുടെ ഫീസ് സർക്കാർ നിശ്ചയിച്ചത്.
ഇതുസംബന്ധിച്ച് കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്മെന്റ് ഓഫ് നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് ഇൻസ്റ്റിറ്റ്യൂഷൻസ്, കർണാടക സ്റ്റേറ്റ് പ്രൈവറ്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ്, നവ കല്യാണ കർണാടക നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് അസോസിയേഷൻ എന്നിവയുമായി സർക്കാർ കരാറിൽ ഒപ്പിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.