ബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധന കർണാടക ആർ.ടി.സി ഊർജിതമാക്കി. ജൂണിൽ കോർപറേഷന്റെ വിജിലൻസ് സ്ക്വാഡ് 43,126 ബസുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 3610 ആളുകളിൽനിന്നാണ് പിഴ ഈടാക്കിയത്. ആകെ 5,97,517 രൂപയാണ് പിഴയിനത്തിൽ പിരിച്ചെടുത്തത്. ബസ് ജീവനക്കാർക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.
കർണാടക ആർ.ടി.സി, നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി, കല്യാണ കർണാടക ആർ.ടി.സി, ബി.എം.ടി.സി എന്നീ കോർപറേഷനുകളിൽ കഴിഞ്ഞ മാസം മുതലാണ് പരിശോധന ശക്തമാക്കിത്തുടങ്ങിയത്. ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന സംഭവങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് നടപടി. പുരുഷന്മാരാണ് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും.
ആർ.ടി.സി ബസുകളിൽ കർണാടകയിലെ ആധാർ കാർഡുള്ള സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്രയുണ്ടെന്ന് വിചാരിച്ച് ടിക്കറ്റ് കൊടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ ധാരാളമുണ്ടെന്ന് പറയുന്നു. ചില ബസുകളിൽ കണ്ടക്ടർമാർ എല്ലാവരെയും പരിശോധിക്കാറില്ല. ഇതു മുതലെടുത്താണ് ഇവർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത്. സൗജന്യ യാത്രക്ക് അർഹരായ സ്ത്രീകൾ കർണാടകയിലെ ആധാർ കാർഡ് കാണിച്ചാൽ കണ്ടക്ടർ സീറോ ടിക്കറ്റ് കൊടുക്കുകയാണ് ചെയ്യുന്നത്.
ബംഗളൂരുവിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർ ഒട്ടേറെയാണ്. തിരക്കേറിയ ബസുകളിലാണിത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ ഇരിക്കുന്നതിനും പിഴയീടാക്കുന്നുണ്ട്.
ജൂണിൽ ബി.എം.ടി.സി ബസുകളിൽ സ്ത്രീകളുടെ സീറ്റിലിരുന്ന 501 പുരുഷന്മാരിൽനിന്നാണ് പിഴ ഈടാക്കിയത്. സ്ത്രീകൾ സീറ്റില്ലാതെ നിൽക്കുമ്പോഴും മാറിക്കൊടുക്കാത്തവരിൽനിന്നാണ് 50,100 രൂപ പിഴ ഈടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.