ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ എൻ.കെ. മുഹമ്മദ് ഷാഫി സഅദിയെ അയോഗ്യനാക്കി കർണാടക സർക്കാർ. ബി.ജെ.പി ഭരണകാലത്ത് ഷാഫി സഅദിക്ക് പുറമെ, മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസർ സെഹറ നസീം എന്നിവരെ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്തതും റദ്ദാക്കി. ഇതോടെ വഖഫ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താവും. സംസ്ഥാന വഖഫ് ബോർഡിലെ 10 അംഗങ്ങളിൽ ആറുപേർ വിവിധ കാറ്റഗറികളിലായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. മറ്റു നാലുപേർ സർക്കാർ നോമിനികളും.
സർക്കാർ നോമിനികളുടെ നാമനിർദേശമാണ് കേന്ദ്ര വഖഫ് നിയമത്തിലെ 20ാം വകുപ്പ് പ്രകാരം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയത്. പകരം മറ്റു നാലു പേരെ വൈകാതെ നാമനിർദേശം ചെയ്യും. ഇതോടെ വഖഫ് ബോർഡിൽ കോൺഗ്രസ് അനുകൂല അംഗങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയർമാൻ പദവി ലഭിക്കുകയും ചെയ്യും. 2021 നവംബർ 17ന് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്ന ഷാഫി സഅദി കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന ആസിഫ് അലി ഷെയ്ക്ക് ഹുസൈനെയാണ് പരാജയപ്പെടുത്തിയിരുന്നത്.
ഷാഫി സഅദിയുടെ ജയം തങ്ങളുടെ ജയമായി അന്ന് ബി.ജെ.പി ആഘോഷിച്ചിരുന്നു. കഴിഞ്ഞദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായാണ് സമീപിച്ചതെന്നാണ് വിവരം. വഖഫ് ബോർഡിലെ നാമനിർദേശങ്ങൾക്ക് പുറമെ കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് കർണാടക സംസ്ഥാന സർക്കാറിന്റെ വിവിധ കോർപറേഷനുകൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ, സർക്കാറിതര, മറ്റ് എല്ലാ പ്രസിഡന്റുമാർ, ഡയറക്ടർമാർ, അംഗങ്ങൾ എന്നിവരുടെ ശിപാർശകളും നിയമനങ്ങളും സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.