ബംഗളൂരു: സാറ്റലൈറ്റ്, ശാന്തിനഗർ, പീനിയ ബസ് ടെർമിനലുകളിലേക്ക് നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് യാത്രക്കാരെ എത്തിക്കാൻ കേരള ആർ.ടി.സി മിനി ബസ്, വാൻ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളൊരുക്കും. കലാശിപാളയ, ജാലഹള്ളി, പീനിയ, മത്തിക്കരെ, ഹെന്നൂർ ക്രോസ്, കൊത്തന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ സർവിസ്. മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനൽ, ശാന്തിനഗർ ബി.എം.ടി.സി ടെർമിനൽ, പീനിയ ബസവേശ്വര ടെർമിനൽ എന്നിവിടങ്ങളിൽനിന്നാണ് നിലവിൽ കേരള ആർ.ടി.സികൾ കേരളത്തിലേക്കടക്കം സർവിസ് നടത്തുന്നത്. എന്നാൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ ടെർമിനലുകളിലേക്കെത്താൻ പ്രയാസമാണ്. ഈ സഹാചര്യത്തിലാണ് പിക്അപ് സൗകര്യമൊരുക്കുന്നത്.
കർണാടക ആർ.ടി.സിയും സ്വകാര്യ ബസ് സർവിസുകളുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുക ലക്ഷ്യമാണ്. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും നാട്ടിലേക്കുള്ള സ്വകാര്യ ബസുകളിൽ നല്ല തിരക്കാണുള്ളത്. യാത്രക്കാരെ ബസുകളിൽ എത്തിക്കാൻ സ്വകാര്യബസ് സ്ഥാപനങ്ങൾ പിക്അപ് സർവിസുകൾ നടത്തുന്നുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് സൗകര്യപ്രദമായി ബസുകളിൽ എത്താൻ കഴിയും. നിലവിൽ കർണാടക ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബസ് പുറപ്പെടുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പുവരെ ബി.എം.ടി.സിയുടെ നോൺ എ.സി ബസിൽ സൗജന്യമായി യാത്ര ചെയ്യാൻ അവസരമുണ്ട്. സാറ്റലൈറ്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കർണാടക ആർ.ടി.സി സർവിസുകൾ നടത്തുന്നത്. ഇതിനാൽ ബി.എം.ടി.സി ബസുകളിൽ സൗജന്യയാത്ര നടത്തി ഇവിടങ്ങളിലേക്ക് യാത്രക്കാർക്ക് എത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.