ബംഗളൂരു: എഴുത്തുകാരോളം സർഗാത്മകതയുള്ളവരാണ് വായനക്കാരെന്നും അവരെക്കൊണ്ട് വായിപ്പിക്കേണ്ട ചുമതല എഴുത്തുകാർക്കില്ലെന്നും പി.എഫ്. മാത്യൂസ് പറഞ്ഞു. കേരള സമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച നടത്തിയ സാഹിത്യ സംവാദത്തിൽ സാഹിത്യത്തിന്റെ സാംസ്കാരിക സ്വാധീനം എന്ന വിഷയത്തോടൊപ്പം എഴുത്തനുഭവങ്ങളും പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
സമ്പ്രദായത്തെ റദ്ദാക്കിയതുകൊണ്ടാണ് വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വിജയിച്ചതെന്നും വിജയൻ പുതിയ ഭാഷ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തിന്റെ സാംസ്കാരിക സ്വാധീനം എന്നതിന്റെ അടിസ്ഥാനം തിരിച്ചറിയലാണെന്നാണ് താൻ കരുതുന്നതെന്നും തിരിച്ചറിയാനുള്ള ശേഷി ഒരു മനുഷ്യൻ ആർജിക്കുമ്പോഴാണ് കലയുടെ സൂക്ഷ്മതലങ്ങളിലേക്കും മാനവികതയിലേക്കും കടന്നുചെല്ലാൻ കഴിയുകയെന്നും കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് പറഞ്ഞു.
കെ.ആർ. കിഷോർ, ആർ.വി. ആചാരി, രതി സുരേഷ്, വി.കെ. സുരേന്ദ്രൻ, ശാന്തകുമാർ എലപ്പുള്ളി, പി. ഗീത, ദീപ, ബാലകൃഷ്ണൻ നമ്പ്യാർ, മനോജ് പിഷാരടി, ഗോപി വാരിയർ, എസ്.കെ. നായർ, കെ. ചന്ദ്രശേഖരൻ നായർ, ഡോ. രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ അവതാരകനായി. സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ, സമാജം ട്രഷറർ എം.കെ. ചന്ദ്രൻ, ബിനോ ശിവദാസ് എന്നിവർ പങ്കെടുത്തു. സൗദാ റഹ്മാൻ കവിത ആലപിച്ചു. ചന്ദ്രശേഖരക്കുറുപ്പ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.