ബംഗളൂരു: ജാതി സെൻസസിനെ എതിർത്തിട്ടില്ലെന്നും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി അത് നടപ്പാക്കണമെന്നും നിലപാട് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാജ്യസഭയിൽ ജാതി സെൻസസ് വിഷയത്തിൽ നടന്ന ചർച്ചക്കിടെ കോൺഗ്രസ് അധ്യക്ഷൻ മലികാർജുന ഖാർഗെ തനിക്കെതിരെ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജാതി സെൻസസ് നടപ്പാക്കുന്നതിനെതിരെ വൊക്കലിഗ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കളും സമുദായ സന്യാസിമാരും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ച നിവേദനത്തിൽ വൊക്കലിഗ നേതാവായ ശിവകുമാറും ഒപ്പിട്ടത് ചർച്ചയായിരുന്നു. ജാതി സെൻസസ് നടപ്പാക്കുമെന്ന് കർണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രികയിൽ പ്രഖ്യാപനം നടത്തിയിരിക്കെ, അതിന് വിപരീത നിലപാടാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡി.കെ. പ്രകടിപ്പിച്ചത്. ഇത് ബി.ജെ.പി ദേശീയതലത്തിൽതന്നെ ആയുധമാക്കുകയായിരുന്നു. രാജ്യസഭയിൽ ചർച്ചക്കിടെ ബി.ജെ.പി എം.പി സുശീൽ കുമാർ ശിവകുമാറിന്റെ നിലപാട് ചൂണ്ടിക്കാട്ടി. ഇതിനോട് രൂക്ഷമായാണ് ഖാർഗെ പ്രതികരിച്ചത്. ‘എല്ലാ ഉന്നത ജാതിക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്’ എന്നായിരുന്നു ഖാർഗെയുടെ മറുപടി. അശാസ്ത്രീയമായാണ് ജാതി സെൻസസ് നടത്തിയതെന്നും ഈ റിപ്പോർട്ട് തള്ളി മറ്റൊരു സർവേ നടത്തണമെന്നുമാണ് കർണാടകയിലെ പ്രബല സമുദായങ്ങളായ വൊക്കലിഗരുടെയും ലിംഗായത്തുകളുടെയും ആവശ്യം. ശിവകുമാറിനുപുറമെ, ഏതാനും മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാവും വീരശൈവ ലിംഗായത്ത് അഖിലേന്ത്യ അധ്യക്ഷനുമായ ഷാമന്നൂർ ശിവശങ്കരപ്പയും അടക്കമുള്ളവർ ജാതി സെൻസസ് വീണ്ടും നടത്തണമെന്ന നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചുകഴിഞ്ഞു.
‘ജാതി സെൻസസിനെ ഞാൻ എവിടെയും എതിർത്തിട്ടില്ല. ജാതി സെൻസസ് നടത്തുക എന്നത് പാർട്ടിയുടെ നയമാണ്. ഞങ്ങളുടെ സർക്കാറാണ് അത് കർണാടകയിൽ നടത്തിയത്. നിരവധി എം.എൽ.എമാരും മന്ത്രിമാരും എന്റെ അതേ അഭിപ്രായക്കാരാണ്. സെൻസസ് കൃത്യതയോടെ നടത്തണം. വളരെ വ്യവസ്ഥാപിതമായി നടത്തേണ്ട ഒന്നാണ് സെൻസസ്. ജാതി സെൻസസിന്റെ ഭാഗമായി എന്റെ വീട്ടിൽ ആ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തിലാണ് അവർക്കുള്ള അവകാശങ്ങൾ അനുവദിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നാൽ, ന്യൂനപക്ഷവും എസ്.സി, എസ്.ടി വിഭാഗങ്ങളുമെല്ലാം അതിനനുസരിച്ചുള്ള അവകാശങ്ങൾ ചോദിക്കും. ജാതി സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കേണ്ടിവരുക. അതിനാൽ, അത് ന്യായമുള്ളതാകണം. അതിന് ശാസ്ത്രീയമായ സമീപനം വേണം-ശിവകുമാർ വ്യക്തമാക്കി.
ഞാനൊരു പിന്നാക്ക വർഗക്കാരനാണ്. വൊക്കലിഗ പിന്നാക്ക വർഗമാണ്. എന്നാൽ, പാർട്ടി പ്രസിഡന്റെന്ന നിലയിൽ എനിക്ക് എല്ലാ സമുദായങ്ങളെയും ഒരുപോലെ പരിഗണിക്കണം. കോൺഗ്രസ് പാർട്ടി എന്തുപറഞ്ഞാലും അതിനൊപ്പം ഞങ്ങൾ നിൽക്കും. ജാതി സെൻസസ് പോലെയുള്ളവ കൊണ്ടുവരുന്നതിൽ മുന്നിൽനിന്ന സംസ്ഥാനമാണ് കർണാടക. എന്നാൽ, പിന്നാക്ക വികസന കമീഷൻ സെക്രട്ടറി ജാതി സെൻസസിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ആ റിപ്പോർട്ട് സാധുവാണോ അല്ലയോ എന്നത് വലിയ ചോദ്യമാണ്. പുതിയ ചെയർമാൻ തെറ്റുകൾ തിരുത്തുമെന്ന് കരുതുന്നതായും ശിവകുമാർ പറഞ്ഞു.
കർണാടകയിൽ കഴിഞ്ഞ സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് 2015ലാണ് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) നടത്താൻ ഉത്തരവിട്ടത്. 170 കോടി ഇതിനായി അനുവദിച്ചിരുന്നു. അന്നത്തെ പിന്നാക്ക വർഗ കമീഷൻ ചെയർപേഴ്സൻ എച്ച്. കന്ദരാജുവിനായിരുന്നു റിപ്പോർട്ട് തയാറാക്കാനുള്ള ചുമതല. 2018ൽ സിദ്ധരാമയ്യ സർക്കാറിന്റെ അവസാന കാലത്ത് ജാതി സെൻസസ് പുർത്തിയായെങ്കിലും സർക്കാറിൽ സമർപ്പിച്ചിരുന്നില്ല. 2018ൽ സഖ്യസർക്കാറും 2019ൽ ബി.ജെ.പി സർക്കാറും അധികാരത്തിൽ വന്നതോടെ ഇതേക്കുറിച്ച് ചർച്ച പോലും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായതോടെ ജാതി സെൻസസ് വിഷയം പൊടിതട്ടിയെടുക്കുകയായിരുന്നു. പിന്നാക്ക വർഗ കമീഷന്റെ നിലവിലെ ചെയർമാനായ കെ. ജയപ്രകാശ് ഹെഗ്ഡെയുടെ പക്കലാണ് ഇപ്പോൾ ജാതി സെൻസസ് റിപ്പോർട്ടുള്ളത്. ജനുവരി 31 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.