ബംഗളൂരു: കർണാടക സർക്കാറിന്റെ ശീതകാല നിയമസഭ സമ്മേളനത്തിന് തിങ്കളാഴ്ച ബെളഗാവിയിലെ സുവർണ സൗധയിൽ തുടക്കമാവും. നിയമസഭയുടെയും നിയമനിർമാണ കൗൺസിലിന്റെയും സംയുക്ത സെഷനാണ് നടക്കുക. ജെ.ഡി-എസും ബി.ജെ.പിയും സഖ്യം തീരുമാനിച്ച ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമായതിനാൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ഭരണപക്ഷത്തെ നേരിടുന്ന സാഹചര്യമുണ്ടാകും. പ്രതിപക്ഷ നേതാവെന്ന നിലയിൽ ആർ. അശോകയുടെയും ആദ്യ നിയമസഭ സമ്മേളനമാണ്.
ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ചതടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കഴിഞ്ഞ ആറു മാസത്തിനിടെ 60 തെറ്റുകൾ കോൺഗ്രസ് സർക്കാർ വരുത്തിയതായി ആർ. അശോക ആരോപിച്ചു. സംസ്ഥാനത്തെ 236ൽ 222 താലൂക്കുകളും വരൾച്ചബാധിതമാണ്. വിധാൻസൗധയിൽ മന്ത്രിമാർ മുതലക്കണ്ണീരൊഴുക്കി കേന്ദ്രത്തിനുനേരെ വിരൽ ചൂണ്ടുകയാണെന്ന് അശോക കുറ്റപ്പെടുത്തി. ബംഗളൂരുവിലെ സ്കൂളുകളിലെ ബോംബ് ഭീഷണിയടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ക്രമസമാധാനനില തകരാറിലായെന്ന ആരോപണവും ബി.ജെ.പി നിയമസഭയിൽ ഉയർത്തിയേക്കും.
ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സി.ബി.ഐക്ക് വിട്ട ബി.ജെ.പി സർക്കാർ തീരുമാനം സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചതും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കും. തെലങ്കാനയിലെ നിയമസഭ ഫലത്തിന് പിന്നാലെ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാർ ഹൈദരാബാദിലായതിനാൽ അദ്ദേഹം ബെളഗാവിയിലെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നുറപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.