ബംഗളൂരു: ന ഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിൽ പുലി. ഇവിടങ്ങളിൽ പുലി കറങ്ങിനടക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയിലാണ് പതിഞ്ഞത്. ഇതോടെ നഗരവാസികൾ പരിഭ്രാന്തിയിലാണ്. ഞായറാഴ്ച രാത്രിയാണ് കുഡ്ലു ഗേറ്റിലെ കെഡന്‍സ അപ്പാർട്മെന്റില്‍ പുലിയെത്തിയത്. ഒന്നാം നിലയിലും പാര്‍ക്കിങ് സ്ഥലത്തും നടക്കുന്ന പുലിയുടെ ദൃശ്യമാണ് പതിഞ്ഞത്.
ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തെ സിങ്ങസാന്ദ്ര, എ.സി.ഇ.എസ് ലേഔട്ട് എന്നിവിടങ്ങളില്‍ പുലിയെ കണ്ടെന്നു ചൂണ്ടിക്കാട്ടി ശനിയാഴ്ച മുതൽ പ്രദേശവാസികള്‍ സമൂഹ മാധ്യമങ്ങളില്‍ വിഡിയോകള്‍ പങ്കുവെച്ചിരുന്നു. കാറിനു മുന്നിലൂടെ നടന്നുനീങ്ങുന്നതും മതിലിന് മുകളിലിരിക്കുന്നതും തെരുവിലൂടെ നടന്നുനീങ്ങുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണിവ. ഈ പ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നഗരത്തില്‍ ബനശങ്കരി, വൈറ്റ് ഫീല്‍ഡ്, തുമകുരു റോഡിലെ ദാസനപുര, മൈസൂരു റോഡിന് സമീപത്തെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും നേരത്തേ പുലിയെ കണ്ടിരുന്നു.എന്നാൽ, പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കുഡ്ലു ഗേറ്റിലെ പാര്‍പ്പിട സമുച്ചയത്തിന്റെ സമീപപ്രദേശങ്ങളില്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തിരച്ചില്‍. പുലിയെ കണ്ടെത്തുകയാണെങ്കില്‍ കൂട് സ്ഥാപിച്ച് പിടികൂടാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 15 ജീവനക്കാരെ സ്ഥലത്ത് നിയോഗിച്ചു.
പ്രദേശവാസികളോട് രാത്രി അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുരഹള്ളി വനമേഖലയില്നിന്നോ ബെന്നാര്‍ഘട്ട ദേശീയോദ്യാനത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍നിന്നോ ആണ് പുലി എത്തിയതെന്നാണ് നിഗമനം. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.കെ. രവീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച പാര്‍പ്പിട സമുച്ചയം സന്ദര്‍ശിച്ചു.
സമീപപ്രദേശത്തെ കുറ്റിക്കാടുകള്‍ നിറഞ്ഞ ഒഴിഞ്ഞ സ്ഥലത്താണ് പകല്‍ സമയത്ത് പുലി ഒളിക്കുന്നതെന്നാണ് നിഗമനം. രാത്രി വാഹനങ്ങളും തിരക്കുമൊഴിയുമ്പോള് പുറത്തിറങ്ങുകയാണ്. എന്നാല്‍, ഞായറാഴ്ച ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.