ബംഗളൂരു: ദീപങ്ങളുടെ ഉത്സവമായ ദീപാവലി കരുതലോടെ ആഘോഷിക്കാൻ നിർദേശങ്ങളുമായി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെ.എസ്.പി.ബി.സി). അനധികൃത പടക്ക നിർമാണം തടയുന്നതിനായി വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്തസംഘം രൂപവത്കരിക്കാൻ ബോർഡ് നിർദേശം നൽകി.
നിയന്ത്രണങ്ങള്‍ നടപ്പാക്കുക, അനധികൃത പടക്ക വില്പന തടയുക, പടക്കങ്ങൾ പൊട്ടിക്കുന്നതിനുള്ള സമയക്രമം പാലിക്കുക തുടങ്ങിയവ നടപ്പാക്കാൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് നിരവധി കത്തുകളാണ് പൊലീസിന് ലഭിച്ചത്.
കമ്പാഷനെറ്റ് സിറ്റിയിൽനിന്നുള്ള പ്രിയ ഷെട്ടി രാജഗോപാൽ, ഹരിണി രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കമീഷണർ ബി. ദയാനന്ദക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിരുന്നു. പടക്കങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ, വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ പരിഹരിക്കാനും ദീപാവലിയോടനുബന്ധിച്ച് മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സുപ്രീംകോടതി വിധിപ്രകാരം രാജ്യത്തുടനീളം പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ കത്തിക്കുന്നതിനുള്ള സമയപരിധി രാത്രി എട്ടു മുതല്‍ 10 വരെയാണ്.
ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും സമീപം പടക്കം വാങ്ങുകയോ കത്തിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ പടക്കങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് 30 ശതമാനം മലിനീകരണവും ശബ്ദവും കുറവാണ്. പ്രായമായവർ, രോഗികൾ, കുട്ടികൾ, ആസ്ത്മ രോഗികൾ, കോവിഡ് രോഗികൾ , മൃഗങ്ങൾ എന്നിവരെ ഇക്കാര്യത്തിൽ കൂടുതൽ പരിഗണിക്കണം. എല്ലാവരും സുരക്ഷിതവും ആരോഗ്യകരവുമായ ദീപാവലി ആഘോഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
കമ്പാഷനെറ്റ് സിറ്റിയിലെ അംഗങ്ങള്‍ ഒക്ടോബര്‍ 10 ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒക്ടോബര്‍ 12 ന് പോലീസ് ഉദ്യോഗസ്ഥർ ,ബി.ബി.എം.പി ,അഗ്നി ശമന ,വാണിജ്യ നികുതി ,ഗതാഗതം ,ആരോഗ്യ കുടുംബക്ഷേമം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചിരുന്നു.
ദീപാവലി ആഘോഷങ്ങൾ തുടങ്ങുന്നതിനു ഒരു മാസം മുമ്പുതന്നെ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്താനും അനധികൃത പടക്കനിർമാണം തടയാനും യോഗത്തിൽ തീരുമാനമായി. ഇതിനകം തന്നെ പടക്കകടകളിൽ പരിശോധന നടത്തി അനധികൃതമായവ അടച്ചു പൂട്ടിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബോധവത്കരണമടക്കം നടത്താനും അധികൃതർ രംഗത്തുണ്ട്.
ഒക്ടോബർ ഏഴിനാണ് അത്തിബലെയിൽ പടക്ക ഗോഡൗണിന് തീപിടിച്ച് വൻദുരന്തമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കല്യാണചടങ്ങുകൾ, രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾ, ഗണേശോത്സവം എന്നിവിടങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. ദീപാവലി ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.