മംഗളൂരു: കമ്പിളിയിൽ പൊതിയുന്ന രാവുകളും കോട മൂടുന്ന പ്രഭാതങ്ങളും ലോക്സഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ചായുമ്പോൾ കുടക്-മൈസൂരു മണ്ഡലത്തിലെ തേയിലക്കാടുകളിലും കാപ്പിത്തോട്ടങ്ങളിലും ഇങ്ങിനെയൊരു മർമരം ‘വിടരില്ല, എളുപ്പം ചുരത്തിന് മുകളിൽ താമര’.
പതിറ്റാണ്ടായി പ്രതാപ് സിംഹയിലൂടെ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ ജനവിധി സ്ഥാനാർഥി ആരായാലും ആവർത്തിക്കും എന്നുറപ്പിക്കാനാവില്ലെന്നാണ് നിരീക്ഷണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ തകർപ്പൻ വിജയമാണ് നിരീക്ഷണ മർമം. ഈ ലോക്സഭ മണ്ഡലത്തിലെ എട്ട് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചും പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസാണ്. ഒരിടത്ത് ബി.ജെ.പിയുടേയും രണ്ടിടത്ത് പുതിയ സഖ്യ കക്ഷി ജെ.ഡി-എസിന്റെയും എം.എൽ.എമാരാണ്.
മടിക്കേരി: ഡോ. മന്തർ ഗൗഡ, വീരാജ്പേട്ട: എ.എസ്. പൊന്നണ്ണ, പെരിയപട്ടണ: കെ. വെങ്കടേശ്, ചാമരാജ: കെ. ഹരീഷ് ഗൗഡ, നരസിംഹരാജ: തൻവീർ സേട്ട് എന്നിവരാണ് കോൺഗ്രസ് എം.എൽ.എമാർ. ചാമുണ്ഡേശ്വരി: ജി.ടി. ദേവഗൗഡ, ഹുൻസൂരു: ജി.ഡി. ഹരീഷ് ഗൗഡ എന്നിവർ ജെ.ഡി-എസിന്റേയും കൃഷ്ണരാജ: ടി.എസ്. ശ്രീവത്സ ബി.ജെ.പിയുടെയും എം.എൽ.എയാണ്.1952ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ കിസാൻ മസ്ദൂർ പ്രജ പാർട്ടിയുടെ എം.എസ്. ഗുരുപാദസ്വാമിയെ തിരഞ്ഞെടുത്ത മണ്ഡലം തുടർന്ന് 1998 വരെ തുടർച്ചയായി കോൺഗ്രസ് സ്ഥാനാർഥികളെയാണ് തുണച്ചുപോന്നത്.
1998ൽ ബി.ജെ.പിയുടെ സി.എച്ച്. വിജയശങ്കർ കോൺഗ്രസിലെ എസ്. ചിക്ക മധുവിനെ പരാജയപ്പെടുത്തി. 1999ൽ രാജകുടുംബാംഗമായ ശ്രീകണ്ഠ ദത്ത നരസിംഹരാജ വഡിയാർ കോൺഗ്രസ് കച്ചമുറുക്കി സിറ്റിങ് എം.പിയിൽനിന്ന് മണ്ഡലം തിരിച്ചുപിടിച്ചു. 2004ൽ ജെ.ഡി-എസ് ടിക്കറ്റിൽ ജനവിധി തേടിയ പ്രഥമ എം.പി എ.എസ്. ഗുരുപാദ സ്വാമിയെ പരാജയപ്പെടുത്തി സി.എച്ച്. വിജയശങ്കർ വീണ്ടും താമര വിരിയിച്ചു. എന്നാൽ, 2009ൽ കോൺഗ്രസ് കളത്തിലിറക്കിയ അഡഗുർ എച്ച്. വിശ്വനാഥിനോട് സിറ്റിങ് എം.പി ഒരിക്കൽകൂടി പരാജയത്തിന്റെ കയ്പറിഞ്ഞു.എന്നാൽ, ജെ.ഡി-എസ് നേതാവ് മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാര സ്വാമിക്ക് മാണ്ഡ്യ മണ്ഡലത്തിൽ കണ്ണുള്ളതിനാൽ അതിന് മുതിർന്നിട്ടില്ല.
15 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വൊക്കാലിഗ, കുറുബ, ലിംഗായത്ത്, മുസ്ലിം, നായക്, ബ്രാഹ്മണർ, കുടക് ഗൗഡ, കൊഡവ വിഭാഗങ്ങൾ വിവിധ മേഖലകളിൽ നിർണായക സ്വാധീനമുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.