പേരുകേട്ട, നല്ല എരിവുള്ള ചുവന്നു തുടുത്ത ബ്യാദ്ഗി മുളകിന്റെ നാടാണ് ഹാവേരി. മണ്ഡലത്തിലെ പോരാട്ടത്തിനുമുണ്ട് ആ എരിവ്. മുമ്പ് കോൺഗ്രസിലെ ന്യൂനപക്ഷ സ്ഥാനാർഥികളുടെ കുത്തകയായിരുന്ന മണ്ഡലം പുനർനിർണയത്തിനു ശേഷം കോൺഗ്രസിന് കിട്ടാക്കനിയാണെന്നതാണ് ചിത്രം. പഴയ ധാർവാഡ് സൗത്ത് മണ്ഡലമാണ് 2008 മുതൽ അതിർത്തി മാറി ഹാവേരിയായി പരിണമിച്ചത്. മണ്ഡല പുനർണയത്തിന് മുമ്പുള്ള 2004ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി ആദ്യമായി വിജയം കാണുന്നത്.
2009, 2014, 2019ൽ ശിവകുമാർ ചന്നബസപ്പ ഉദാസി ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചു. ഇതോടെ ലിംഗായത്ത് ഭൂരിപക്ഷ മേഖലയിൽ കോൺഗ്രസ് കളം മാറ്റിക്കളിക്കാൻ തീരുമാനിച്ചു. ഇത്തവണ രംഗത്തിറക്കിയത് മുൻ എം.എൽ.എ ഗഡ്ഡദേവരമതിന്റെ മകൻ ലിംഗായത്തുകാരനായ ആനന്ദസ്വാമി ഗഡ്ഡദേവരമത് ആണ്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആണ് താമര ചിഹ്നത്തിലിറങ്ങുന്നത്. ശിവകുമാർ ഉദാസി സ്വയം വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും രാഷ്ട്രീയത്തിൽ പുതുമുഖങ്ങളല്ലെങ്കിലും ആദ്യമായാണ് ലോക്സഭ തെരഞ്ഞെടുപ്പിനിറങ്ങുന്നത്.
വീരശൈവ ലിംഗായത്തിലെ ജംഗമ വിഭാഗത്തിൽ നിന്നും ആനന്ദസ്വാമിയും സദർ വിഭാഗത്തിൽ നിന്നും ബൊമ്മൈയും മത്സരത്തിനിറങ്ങുന്നതോടെ വീരശൈവ ലിംഗായത്ത് വോട്ടുകൾ എങ്ങനെ വിഭജിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കോൺഗ്രസിന്റെ വിജയം. സിദ്ധരാമയ്യ സർക്കാറിന്റെ ഗ്യാരന്റി പദ്ധതികളെ തന്റെയും മോദി സർക്കാറിന്റെയും ഭരണനേട്ടങ്ങൾ പറഞ്ഞുകൊണ്ട് എങ്ങനെ മറച്ചുപിടിക്കാം എന്നതിലും കൂടെയായിരിക്കും ബസവരാജ് ബൊമ്മൈയുടെ ഭാവി. വരൾച്ചയും കുടിവെള്ള പ്രശ്നവുമാണ് ജനത്തെ സാരമായി അലട്ടുന്ന പ്രശ്നങ്ങൾ.
ജലസേചന പദ്ധതികൾ, ഗദഗ്-ഹാവേരി റെയിൽവേ ലൈൻ, വ്യവസായങ്ങളെ ആകർഷിക്കാനുതകുന്ന വികസനം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയും മണ്ഡലത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്. വരൾച്ച കാരണം കർഷകർ നാടുവിടുന്ന മേഖല കൂടിയാണിത്. ന്യൂനപക്ഷ സമുദായം കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ലിംഗായത്തുകളും മുസ്ലിംകളും പിന്നാക്ക-കുറുബ വോട്ടുകളുമാണ് മണ്ഡലത്തിൽ നിർണായകം. ഇരു സ്ഥാനാർഥികളും വ്യക്തിപരമായി പരസ്പരം വാദപ്രതിവാദത്തിലേർപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വോട്ടുനില 2019
ശിവകുമാർ ഉദാസി (ബി.ജെ.പി) -6,83,660
ഡി.ആർ. പാട്ടീൽ (കോൺഗ്രസ്) -5,42,778
നിയമസഭ മണ്ഡലങ്ങൾ (2023)
കോൺഗ്രസ്: ഹാവേരി, റോൺ, ഹനഗൽ, ബ്യാദഗി,
ഗദഗ്, ഹിരേകുർ, റാണിബെന്നൂർ.
ബി.ജെ.പി: ഷിരാഹട്ടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.