ബംഗളൂരു: കർണാടകയെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പുതിയ പൊലീസ് മേധാവി അലോക് മോഹൻ പറഞ്ഞു. 1987 ബാച്ച് ഐ.പി.എസ് ഓഫിസറായ അദ്ദേഹത്തെ പുതുതായി അധികാരമേറ്റ കോൺഗ്രസ് സർക്കാർ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. ഹോംഗാർഡ്സിന്റെ ഡി.ജി.പി ആൻഡ് കമാൻഡന്റ് ജനറലും ഫയർഫോഴ്സ്-എമർജൻസി സർവിസസ് ഡയറക്ടർ ജനറലുമായ അലോക് മോഹന് പൊലീസ് മേധാവിയുടെ കൂടി ചുമതല നൽകുകയായിരുന്നു. മുൻ മേധാവിയായ പ്രവീൺ സൂദ് സി.ബി.ഐ ഡയറക്ടറായി നിയമിതനായതിനാലാണിത്.
ഔദ്യോഗിക അധികാര കൈമാറ്റത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുതിയ പൊലീസ് മേധാവി. ആസൂത്രിത കുറ്റകൃത്യങ്ങളോടും കുറ്റക്കാരോടും ഒരുവിധ ദാക്ഷിണ്യവുമുണ്ടാവില്ല. നീതിന്യായവ്യവസ്ഥ സംരക്ഷിക്കും. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും മുൻഗണന നൽകും.
പൂർണമായും മയക്കുമരുന്നിൽനിന്ന് മുക്തമായ സംസ്ഥാനം ഉണ്ടാക്കുകയാണ് പരമമായ ലക്ഷ്യം. ഇതിനാൽതന്നെ കുറ്റവാളികളോട് ഒരുതരത്തിലുമുള്ള ദാക്ഷിണ്യവുമുണ്ടാവില്ല. ചൂതാട്ടം, വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിന്തുടരുകയും അത്തരം സങ്കേതങ്ങളിൽ പരിശോധന നടത്തുകയും ചെയ്യും.
കൃത്യമായ അന്വേഷണം നടത്തി മയക്കുമരുന്ന് മാഫിയകളുടെ അടിത്തറ കണ്ടെത്തി മയക്കുമരുന്ന് ശൃംഖല തകർക്കും. പുതിയകാലത്ത് സൈബർ കുറ്റകൃത്യങ്ങളാണ് കൂടുതൽ. ഭാവിയിൽ വ്യാപകമാകുന്ന ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനായി പൊലീസുകാർക്ക് വേണ്ട പരിശീലനം നൽകും.
ഇതിനായുള്ള സാങ്കേതിക വിദ്യയിൽ പൊലീസുകാർക്ക് അവഗാഹമുണ്ടാക്കും. പരാതികളിൽ നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. പൊതുജനങ്ങളുമായുള്ള പൊലീസിന്റെ നല്ല ബന്ധം ഏറെ പ്രധാനപ്പെട്ടതാണ്. പൊലീസ് മനുഷ്യാവകാശങ്ങളെ മതിക്കണം. സുപ്രീംകോടതിയുടെയും ഹൈകോടതിയുടേയും വിധികൾ അനുസരിക്കുകയും വേണം. പൊലീസുകാർക്ക് സാമൂഹികവിരുദ്ധരുമായും കുറ്റവാളികളുമായും ബന്ധമുണ്ടാകരുത്. അത്തരക്കാരായ പൊലീസുകാർക്കെതിരെ കർശനനടപടി സ്വീകരിക്കും. ഒരു കുറ്റവാളി യൂനിഫോമിലായാലും അല്ലെങ്കിലും കുറ്റവാളി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളിലെയും ഹൈവേകളിലെയും ഗതാഗത സംവിധാനം കുറ്റമറ്റതാക്കുന്ന കാര്യത്തിലും മുൻഗണന നൽകും. നിയമം ലംഘിച്ച വാഹനങ്ങൾ പരിശോധിക്കുന്നതിനുമപ്പുറം റോഡുകളിലെ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുകയാണ് ചെയ്യുക. നിയമവാഴ്ചയെ സംരക്ഷിക്കുന്ന കാര്യത്തിൽ പൊലീസുകാരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ഏറെ പ്രാധാന്യമുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് കൂടുതൽ പരിഗണന നൽകുമെന്നും പുതിയ പൊലീസ് മേധാവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.