മലയാളം മിഷന്‍ മാതൃഭാഷാ പുരസ്‌കാര നിറവിൽ കർണാടക ചാപ്റ്റർ

ബംഗളൂരു: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ നൽകുന്ന മലയാണ്‍മ 2023 - മാതൃഭാഷാപുരസ്‌കാരങ്ങളിൽ കർണാടക ചാപ്റ്ററിന് നേട്ടം. ഭാഷാപ്രതിഭാപുരസ്‌ക്കാരം, ഭാഷാമയൂരം പുരസ്‌കാരം, ബോധി അധ്യാപക പുരസ്‌കാരം വിഭാഗങ്ങളിലാണ് നേട്ടം. മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തികള്‍ക്ക് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഭാഷാപ്രതിഭാപുരസ്‌ക്കാരത്തിന് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷൻ അര്‍ഹരായി.

കെ. ദാമോദരന്‍

25,000 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഷിജു അലക്സ്, ജിസ്സോ ജോസ്, കൈലാഷ് നാഥ് എന്നിവരാണ് ഫൗണ്ടേഷന്റെ ഡയറക്ടര്‍മാര്‍.മലയാളം മിഷന്‍ നടത്തുന്ന ഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭാഷാപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങളാണ് ഭാഷാമയൂരം പുരസ്‌കാരവും ബോധി അധ്യാപക പുരസ്‌കാരവും.

രാജ്യത്തിനകത്തും വിദേശത്തുമായി രണ്ടു വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. പ്രവാസ ലോകത്തെ മികച്ച ഭാഷാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഭാഷാമയൂരം പുരസ്‌കാരം ഇന്ത്യ വിഭാഗത്തില്‍ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരന്‍ അർഹനായി. വിദേശ വിഭാഗത്തില്‍ ഫിറോസിയ ദിലീഫ് റഹ്‌മാന്‍, റംഷി മുഹമ്മദ് എന്നിവരും പുരസ്‌കാരം നേടി. 25000 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

മീര നാരായണന്‍

പ്രവാസലോകത്തെ മികച്ച മലയാളം മിഷന്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ബോധി അധ്യാപക പുരസ്‌കാരത്തിന് കര്‍ണ്ണാടക ചാപ്റ്ററില്‍ നിന്നുള്ള അധ്യാപികയായ മീര നാരായണന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. 10,000 രൂപയും പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ പുരസ്കാരത്തിൽ ഇന്ത്യ വിഭാഗത്തില്‍ പി.രാധാദേവിയും (തമിഴ്നാട് ചാപ്റ്റര്‍), വിദേശ വിഭാഗത്തില്‍ പ്രീത നാരായണന്‍ (അബുദാബി ചാപ്റ്റര്‍) എന്നിവരും പുരസ്‌ക്കാരത്തിന് അർഹരായത്. 25000 രൂപയും പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

കൈലാഷ് നാഥ്, ഷിജു അലക്സ്, ജിസ്സോ ജോസ്

ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയാണ് അര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കെ. ജയകുമാര്‍ (ഡയറക്ടര്‍, ഐ.എം.ജി.), ഡോ. പി.കെ. രാജശേഖരന്‍ (ഗ്രന്ഥകാരന്‍, നിരൂപകന്‍), ഡോ. സി. രാമകൃഷ്ണന്‍ (അക്കാദമിക് വിദഗ്ധന്‍, വിദ്യാകിരണം), മുരുകന്‍ കാട്ടാക്കട (ഡയറക്ടര്‍, മലയാളം മിഷന്‍) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

ഫെബ്രുവരി 21ന് കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഫെബ്രുവരി 19 മുതൽ 22 വരെ കോവളം ക്രാഫ്റ്റ് വില്ലേജില്‍വച്ച് മലയാണ്‍മ ക്യാമ്പ് നടക്കും. 19ന് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം ഗ്രാന്‍ഡ് ഫിനാലെയും ഫലപ്രഖ്യാപനവും നടക്കും. മലയാളം മിഷന്‍ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.

Tags:    
News Summary - Malayalam Mission mother tongue Award to Karnataka Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.