ബംഗളൂരു: 'ദൈവം' എന്ന് അവകാശപ്പെട്ടെത്തിയ 29കാരൻ ബുധനാഴ്ച ബംഗളൂരുവിലെ പള്ളിയിൽ അതിക്രമിച്ച് കയറി നിരവധി വസ്തുക്കൾ നശിപ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമനഹള്ളി റോഡിൽ താമസിക്കുന്ന ടോം മാത്യുവിനെയാണ് കസ്റ്റഡിയിലെടുത്തത്. താൻ ദൈവമാണെന്ന് ഇയാൾ സമീപകാലത്ത് പലരോടും അവകാശപ്പെട്ടിരുന്നു.
ബുധനാഴ്ച പുലർച്ചെ കാമനഹള്ളി റോഡിലുള്ള സെന്റ് പയസ് പത്താം പള്ളിയുടെ വാതിൽ ചുറ്റിക ഉപയോഗിച്ച് തകർത്താണ് മാത്യു ബലമായി അകത്തുകടന്നതെന്ന് പൊലീസ് പറഞ്ഞു. പള്ളിയുടെ സുരക്ഷാ ജീവനക്കാരിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പുലർച്ചെ 4.30ഓടെ മാത്യുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാൾ മദ്യലഹരിയിലാണ് പള്ളി തകർത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാളുടെ മുറിയിൽ നിന്ന് മദ്യത്തിന്റെ പാക്കറ്റുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരിക്കുകയാണ്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ പ്രശ്‌നങ്ങളുടെ പേരിൽ മാത്യുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. നാല് വർഷം മുമ്പ് മാത്യുവിന്റെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയതാണ്. അത് മാത്യുവിനെ മാനസികമായി ബാധിച്ചതെന്നും വീട്ടുകാർ പറയുന്നു. തൊഴിൽരഹിതനായ മാത്യു രണ്ടുവർഷമായി മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
പള്ളിയിൽ പോകുമ്പോഴെല്ലാം മാത്യു താൻ ദൈവമാണെന്ന് അവകാശപ്പെടാറുണ്ടെന്ന് അമ്മ മൊഴി നൽകി. വിവിധ വകുപ്പുകൾ പ്രകാരം മാത്യുവിനെതിരെ ബാനസവാടി പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.