മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കർണാടക ആർ.ടി.സി വിവിധ സ്ഥലങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവിസ് വൈകാതെ ആരംഭിക്കും. കാസർകോട്, മണിപ്പാൽ, ഭട്കൽ എന്നിവിടങ്ങളിലേക്കാണ് പരീക്ഷണ ഓട്ടം നടത്തുക. നേരത്തെ വോൾവോ ബസ് സർവിസുകൾ പരാജയപ്പെട്ട റൂട്ടുകളാണിത്. നാല് ബസുകളാണ് ഇതിനായി ഉപയോഗിക്കുകയെന്ന് മംഗളൂരു ഡിവിഷൻ അധികൃതർ പറഞ്ഞു. ഡിവിഷന് 45 ബസുകളാണ് അനുവദിച്ചത്. ശേഷിക്കുന്ന 41 എണ്ണം മംഗളൂരുവിൽനിന്ന് ധർമസ്ഥല, ഉഡുപ്പി, കാസർകോട്, കുന്താപുര, ഭട്കൽ റൂട്ടുകളിൽ സർവിസ് നടത്തും. കാസർകോട് -മംഗളൂരു റൂട്ടിൽ കേരള ആർ.ടി.സി ഇതുവരെ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയിട്ടില്ല. ഇരു സംസ്ഥാന ആർ.ടി.സികളും സർവിസ് നിയമ പിൻബലത്തോടെ പകുത്തെടുത്ത ദേശസാൽകൃത റൂട്ടാണ് മംഗളൂരു -കാസർകോട്.
വൈദ്യുതി ചാർജ് ചെയ്യാനുള്ള സംവിധാനം മംഗളൂരു, ധർമസ്ഥല, ഉഡുപ്പി, കുന്താപുര എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. നാല് മണിക്കൂറിൽ മുഴുവൻ ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററി ഉപയോഗിച്ച് ബസ് 200 കിലോമീറ്റർ ഓടിക്കാനാവും.
ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 40 പല്ലക്കി സ്ലീപ്പർ ബസുകളിൽ എട്ടെണ്ണം മംഗളൂരു ഡിവിഷന് അനുവദിച്ചിട്ടുണ്ട്. മംഗളൂരു-ബംഗളൂരു റൂട്ടിലാണ് ഇവ സർവിസ് നടത്തുക.
കാർക്കള, മൂഡബിദ്രി, ഉത്തര കർണാടക മേഖലകളിലേക്ക് സർവിസ് നടത്താൻ മംഗളൂരു ഡിവിഷന് 57 റൂട്ടുകളിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കാൻ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.