മംഗളൂരു: അറുതിയില്ലാതെ മണ്ണിടിയുന്ന അവസ്ഥയിൽ മംഗളൂരു-ബംഗളൂരു പാതയിൽ ഭീതി ഒഴിയുന്നില്ല. കനത്തമഴയിൽ ഹാസനിലെ സകലേശ്പുര താലൂക്കിൽ വീണ്ടും മണ്ണിടിഞ്ഞു. മംഗളൂരു-ബംഗളൂരു ദേശീയപാതയിലെ ശിരാദി ചുരം മേഖലയിൽപ്പെടുന്ന ദൊഡ്ഡതപ്പലെയിലാണ് മലയിടിച്ചിലുണ്ടായത്. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണിൽ ടാങ്കർ ലോറിയും ചരക്കുലോറിയും രണ്ടു കാറുകളും കുടുങ്ങി. വാഹനത്തിൽ അകപ്പെട്ടവരെ പരിക്കില്ലാതെ പുറത്തെടുത്തു. ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
കുംബാറടിക്കും ഹാർലെ എസ്റ്റേറ്റിനുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ റോഡ് ഒലിച്ചുപോയി. ബാർലി, മല്ലഗദ്ദെ, കാടുമനെ, സുള്ളക്കിമൈലഹള്ളി, ആലൂർ, ബേലൂർ കൊണെർലു തുടങ്ങിയ ഗ്രാമങ്ങളിലുള്ളവർ ആശ്രയിക്കുന്ന റോഡാണിത്.
ബംഗളൂരു-മംഗളൂരു തീവണ്ടിപ്പാതയിൽ സകലേശ്പുരയിലെ യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ മുടങ്ങിയ ട്രെയിൻ ഗതാഗതം ഈ മാസം നാലുവരെ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴ തുടർന്നാൽ ഗതാഗതം പുനഃസ്ഥാപിക്കാൻ പ്രതീക്ഷിച്ചതിലും ദിവസങ്ങൾ ആവശ്യമായേക്കാമെന്ന് റെയിൽവേ അധികൃതർ സൂചിപ്പിച്ചു. ഈ റൂട്ടിൽ സർവിസ് നടത്തുന്ന 14 ട്രെയിനുകളുടെ സർവിസ് ഈ മാസം നാലുവരെ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.