മംഗളൂരു: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഉടൻ സൗത്ത് വെസ്റ്റേൺ ഡിവിഷന് കീഴിൽ കൊണ്ടുവരാൻ ഉദ്ദേശ്യം ഇല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ദക്ഷിണ കന്നട എം.പി ബ്രിജേഷ് ചൗട്ടയുടെ ലോക്സഭ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് നൽകും. കർണാടകയിൽ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 2024 ഏപ്രിൽ ഒന്ന് വരെയുള്ള കണക്കനുസരിച്ച് 21 പുതിയ റൂട്ടുകളും 10 ഇരട്ടിപ്പിക്കൽ പദ്ധതികളും ഉൾപ്പെടെ 31 പദ്ധതികൾ കർണാടകയിലുണ്ട്. 47,016 കോടി രൂപ ചെലവിൽ 3840 കി.മീ. ഇതിൽ 1302 കിലോമീറ്റർ പാത കമീഷൻ ചെയ്തു. 2024 മാർച്ച് വരെ 17,383 കോടി രൂപ ചെലവഴിച്ചു.
മംഗളൂരു -ബംഗളൂരു റൂട്ടിൽ മംഗളൂരു -ഹാസൻ (247 കി.മീ), കുണിഗൽ വഴി ഹാസൻ -ചിക്കബാനാവര (166 കി.മീ) എന്നീ രണ്ട് വിഭാഗങ്ങളിലായി പാത ഇരട്ടിപ്പിക്കൽ പ്രവൃത്തികൾക്ക് അനുമതി നൽകി.
ബംഗളൂരുവിനും തുമകൂരുവിനുമിടയിലുള്ള മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾക്കായുള്ള സർവേ നടത്താൻ അനുമതി നൽകി. എന്നാൽ, സംസ്ഥാന സർക്കാറിന്റെ ഫണ്ടിന്റെ അഭാവം തുടർനടപടികൾ വൈകിപ്പിക്കുന്നു. മേഖലക്ക് കാര്യമായ സാമൂഹിക -സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ഈ നിർണായക പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനവുമായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ ചൗട്ട സർക്കാറിനോട് അഭ്യർഥിച്ചു.
ഭരണപരവും വികസനപരവുമായ നേട്ടങ്ങൾക്കായി നിലവിൽ ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മംഗളൂരു സെൻട്രൽ റെയിൽവേ റൂട്ടുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലാക്കാൻ നിർദേശമുണ്ടോയെന്നായിരുന്നു ചൗട്ടയുടെ ചോദ്യം. മംഗളൂരു നഗരപാതകളെ ഏകീകൃത റെയിൽവേ സോണിന് കീഴിൽ സംയോജിപ്പിക്കുന്നത് തീരദേശ മേഖലയുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ചോദ്യ വേളയിൽ ചൗട്ട അവകാശപ്പെട്ടു.
പാലക്കാട് ഡിവിഷന് യാത്ര, ചരക്കുനീക്കം ഇനങ്ങളിൽ വലിയ വരുമാനം നൽകുന്ന മംഗളൂരു സെൻട്രൽ സ്റ്റേഷൻ സൗത്ത് വെസ്റ്റ് ഡിവിഷനിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ മുൻ എം.പി നളിൻ കുമാർ കട്ടീലും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.