മംഗളൂരു: ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്കൂൾ അധ്യാപിക ക്ലാസിൽ രാമനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിച്ചു എന്ന ചില രക്ഷിതാക്കളുടെ പരാതിയും തുടർന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് വകുപ്പ് ചീഫ് സെക്രട്ടറി ഋതേഷ് കുമാർ സിങ്ങിന് സമർപ്പിച്ചു. ഗുൽബർഗ വിദ്യാഭ്യാസ അഡി. കമീഷണർ കെ. ആകാശാണ് നീണ്ട അന്വേഷണത്തെ തുടർന്ന് റിപ്പോർട്ട് തയാറാക്കിയത്. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷം പരാതിക്കാർ, ആരോപണ വിധേയ, സ്കൂൾ അധികൃതർ, ഭരണസമിതി, അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ, ഹിന്ദുത്വ സംഘടന നേതാക്കൾ എന്നിവരുടെ മൊഴിയെടുത്തതായി ആകാശ് മാധ്യമങ്ങളോട് പറഞ്ഞു.
ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള സെന്റ് ജെറോസ സ്കൂൾ അധ്യാപിക സിസ്റ്റർ പ്രഭ ഏഴാം ക്ലാസിൽ രബീന്ദ്രനാഥ് ടാഗോറിന്റെ കർമമാണ് ആരാധന എന്ന പദ്യം പഠിപ്പിക്കുന്നതിനിടെ ശ്രീരാമനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിക്കുന്ന പരാമർശം നടത്തി എന്ന് ആരോപിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 12ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകരോടൊപ്പം സ്കൂൾ പരിസരത്ത് എത്തിയ മണ്ഡലം എം.എൽ.എയായ വേദവ്യാസ് കാമത്ത് ഗേറ്റിന് പുറത്ത് രക്ഷിതാക്കളെയും വിദ്യാർഥികളെയും മതവികാരം ഇളക്കിവിട്ട് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
ബി.ജെ.പി എം.എൽ.എക്ക് വഴങ്ങി അധ്യാപികയെ സസ്പെൻഡ് ചെയ്ത ദക്ഷിണ കന്നഡ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി. രാമചന്ദ്ര നായ്കിനെ സർക്കാർ ബെളഗാവിയിലെ ഗവ. ടീച്ചേഴ്സ് കോളജിൽ അധ്യാപകനായി സ്ഥലം മാറ്റിയിരുന്നു. പകരം ദക്ഷിണ കന്നഡ ഡി.ഡി.പിയായി നിയമിതനായ വെങ്കിടേഷ് സുബ്രായ പടഗരയുമായി സഹകരിച്ചാണ് ആകാശ് ശങ്കർ അന്വേഷണം നടത്തിയത്. റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് വേദവ്യാസ് കാമത്ത് എം.എൽ.എ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ രേഖാമൂലം നൽകിയ പരാതികൾ അവഗണിക്കാൻ സാധ്യതയുണ്ടെന്ന് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.