ബംഗളൂരു/ മംഗളൂരു: മംഗളൂരുവിലെ ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്കൂളിൽ പ്രകോപനം സൃഷ്ടിച്ച് ക്രിസ്ത്യൻ-ഹിന്ദു സ്പർധക്ക് ശ്രമിച്ചതിന് ദക്ഷിണ കന്നട ജില്ലയിലെ രണ്ട് ബി.ജെ.പി എം.എൽ.എമാർക്ക് എതിരെ വ്യാഴാഴ്ച പൊലീസ് കേസെടുത്തു. മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത്, മംഗളൂരു നോർത്ത് എം.എൽ.എ ഡോ. വൈ. ഭരത് ഷെട്ടി എന്നിവർക്ക് എതിരെയാണ് മംഗളൂരു പാണ്ഡേശ്വരം പൊലീസ് കേസെടുത്തത്. ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള സെന്റ് ജെറോസ സ്കൂൾ അധ്യാപിക സിസ്റ്റർ പ്രഭ ഏഴാം ക്ലാസിൽ രബീന്ദ്രനാഥ് ടാഗോറിന്റെ ‘കർമമാണ് ആരാധന’ എന്ന പദ്യം പഠിപ്പിക്കുന്നതിനിടെ ശ്രീരാമനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിക്കുന്ന പരാമർശം നടത്തി എന്നാരോപിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ബി.ജെ.പി പ്രവർത്തകരോടൊപ്പം സ്കൂൾ പരിസരത്ത് എത്തിയ മണ്ഡലം എം.എൽ.എയായ വേദവ്യാസ് കാമത്ത് ഗേറ്റിന് പുറത്ത് രക്ഷിതാക്കളെയും വിദ്യാർഥികളെയും മതവികാരം ഇളക്കിവിട്ട് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. അകത്തേക്ക് വരാൻ സ്കൂൾ അധികൃതർ ക്ഷണിച്ചെങ്കിലും കൂട്ടാക്കാതെ വിദ്യാർഥികളെക്കൊണ്ട് അവരുടെ സ്കൂളിനും അധ്യാപികക്കും എതിരെ മുദ്രാവാക്യം വിളിപ്പിക്കുകയാണ് ചെയ്തത്. ജയ്ശ്രീറാം വിളിപ്പിക്കാനുള്ള അവസരമായും ഉപയോഗിച്ചു.
ബി.ജെ.പി എം.എൽ.എക്ക് വഴങ്ങി അധ്യാപികയെ സസ്പെൻഡ് ചെയ്ത ദക്ഷിണ കന്നട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. രാമചന്ദ്ര നായ്ക്കിനെ സർക്കാർ ബുധനാഴ്ച ഉടൻ പ്രാബല്യത്തോടെ ബെളഗാവിയിലെ ഗവ. ടീച്ചേഴ്സ് കോളജിൽ അധ്യാപകനായി സ്ഥലം മാറ്റിയിരുന്നു. കലബുറഗി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിങ്) വെങ്കിടേഷ് സുബ്രായ പടഗരയെ ദക്ഷിണ കന്നട ഡി.ഡി.പി.ഐയായി നിയമിക്കുകയും ചെയ്തു.
മംഗളൂരു സ്കൂൾ പ്രശ്നം ഭരത് ഷെട്ടി വ്യാഴാഴ്ച ശൂന്യവേളയിൽ നിയമസഭയിൽ ഉന്നയിച്ചു. സ്കൂൾ പരിസരത്ത് പ്രതിഷേധം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന തനിക്കെതിരെയും കേസെടുത്ത പൊലീസ് എന്തുകൊണ്ടാണ് ശ്രീരാമ ഭഗവാനെ അധിക്ഷേപിച്ച അധ്യാപികക്ക് എതിരെ കേസെടുക്കാത്തത് എന്ന് എം.എൽ.എ ആരാഞ്ഞു. ജാമ്യമില്ലാ വകുപ്പുകളാണ് മംഗളൂരു പൊലീസ് തനിക്കെതിരെ ചുമത്തിയത്.
രക്ഷിതാക്കൾ പരാതി പറഞ്ഞതിനെത്തുടർന്ന് താൻ ദക്ഷിണ കന്നട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ വിവരം അറിയിച്ച് അധ്യാപികക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. വേദവ്യാസ് കാമത്ത് എം.എൽ.എ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ പോകുകയും പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.
ആ സമയം താൻ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു -ഷെട്ടി പറഞ്ഞു.സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ഭരത് ഷെട്ടി എം.എൽ.എക്ക് എതിരെ കേസെടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരാഞ്ഞു.
ആരുടെ സമ്മർദത്തിനാണ് ഇൻസ്പെക്ടർ വഴങ്ങിയത്? കോൾ ലിസ്റ്റ് പരിശോധിച്ച് കണ്ടുപിടിക്കണം. സസ്പെൻഡ് ചെയ്യണം -അശോക പറഞ്ഞു. ഇത് ഗുരുതര പ്രശ്നമാണ് എന്നുപറഞ്ഞ മറ്റൊരു ബി.ജെ.പി അംഗം അരവിന്ദ് ബെല്ലാഡ്, എന്താ തങ്ങൾക്ക് ജയ് ശ്രീറാം വിളിക്കാൻ അവകാശമില്ലേ എന്ന് ചോദിച്ചു.
മംഗളൂരു മേഖലയിൽ മതവിദ്വേഷം വളർത്തുക എന്ന ഒറ്റ അജണ്ടയിൽ ഊന്നിയാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്ന് ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നിയമസഭയിൽ പറഞ്ഞു. സെന്റ് ജെറോസ സ്കൂൾ പ്രശ്നത്തിൽ സർക്കാർ ആർക്കും പ്രത്യേക നിർദേശം നൽകിയിട്ടില്ല. സ്കൂൾ പരിസരത്ത് പ്രകോപനം സൃഷ്ടിക്കുകയാണ് ബി.ജെ.പി എം.എൽ.എമാർ ചെയ്തതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നാളിതുവരെ മത വിഭാഗീയ ചിന്തകൾ തെല്ലും ഏശാത്ത സെന്റ് ജെറോസ സ്കൂൾ പരിസരത്ത് സംഘർഷഭരിത അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേദവ്യാസ് എം.എൽ.എ ചെയ്തതെന്ന് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ അനിത വ്യാഴാഴ്ച പറഞ്ഞു. എല്ലാവരുടെയും എം.എൽ.എ ആണല്ലോ എന്നുകരുതി അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചതാണ്.
കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താനായിരുന്നു അത്. എന്നാൽ എം.എൽ.എ ഗേറ്റിനു പുറത്ത് പ്രകോപന ശബ്ദം കനപ്പിച്ചു.ഏഴാം ക്ലാസിലെ പാഠം കേൾക്കാത്ത, മറ്റു ക്ലാസിലുള്ളവർ ഉൾപ്പെടെ വിദ്യാർഥികളെക്കൊണ്ട് അവരുടെ വിദ്യാലയത്തിനും അധ്യാപികക്കും എതിരെ മുദ്രാവാക്യം വിളിപ്പിച്ചു.
സംഘർഷ കലുഷമായ ആ വേളയിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തതായി അറിയിച്ച് അന്തരീക്ഷം തണുപ്പിക്കാൻ നിർബന്ധിതമായി. തെറ്റുകാരിയല്ലെന്ന് ബോധ്യമുണ്ടായിട്ടും 16 വർഷ സേവന പരിചയമുള്ള സിസ്റ്റർ പ്രഭക്കെതിരെ അങ്ങനെ ചെയ്യേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.