ബംഗളൂരു: വൈവാഹിക വെബ്സൈറ്റുകൾ വഴി പരിചയപ്പെടുന്ന സ്ത്രീകളെ വിവാഹശേഷം പണവും ആഭരണങ്ങളും കവർന്ന് കബളിപ്പിക്കുന്ന മലയാളിക്കെതിരെ മൈസൂരുവിലും കേസ്. 33 കാരനായ സുനീഷ് പിള്ളക്കെതിരെ ഭാര്യയും മൈസൂരു സ്വദേശിയുമായ പ്രീതി സിങ് (34) സ്ത്രീധന പീഡന പരാതിയും ബംഗളൂരു യെലഹങ്ക സ്വദേശിനിയും സോഫ്റ്റ്വെയർ എൻജിനീയറുമായ 40 കാരി വഞ്ചനാകേസും നൽകി. സുനീഷ് പിള്ളക്കെതിരെ നിലവിൽ കേരളത്തിലും ബംഗളൂരുവിലും ഹൈദരാബാദിലും കേസുണ്ട്.
ഭർത്താവിൽനിന്ന് 10 വർഷം മുമ്പ് വേർപിരിഞ്ഞ യെലഹങ്ക സ്വദേശിനിക്ക് 12 വയസ്സായ മകനുണ്ട്. വൈവാഹിക വെബ്സൈറ്റ് വഴി പരിചയപ്പെട്ട സുനീഷ് ബിസിനസുകാരനെന്നു പരിചയപ്പെടുത്തിയാണ് ഇവരോട് അടുക്കുന്നത്. താനും വിവാഹമോചനം നേടിയതാണെന്നും വിദേശരാജ്യങ്ങളിൽനിന്ന് പഴവും പച്ചക്കറിയും ഇറക്കുമതി ചെയ്യുന്ന എ.ഐ.ജി.എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നടത്തുകയാണെന്നും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചു. കഴിഞ്ഞ ജനുവരി 20 ന് ബംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് ഇരുവരും ആദ്യം കാണുന്നത്.
താൻ ഖത്തറടക്കമുള്ള രാജ്യങ്ങളിലേക്ക് ബിസിനസ് ആവശ്യാർഥം പോവുകയാണെന്നും വൈകാതെ മടങ്ങിവരുമെന്നും അറിയിച്ചു. പിന്നീട് വിവാഹ വാഗ്ദാനം നൽകി മാർച്ച് മൂന്നിന് ശാരീരിക ബന്ധത്തിലേർപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കുശേഷം ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് 55 ലക്ഷം രൂപ യുവതിയിൽനിന്ന് ആവശ്യപ്പെട്ടു. എന്നാൽ, സുനീഷ് ധനികയും വിവാഹമോചിതയുമായ മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുത്തതായും യുവതി മനസ്സിലാക്കി.
മറ്റൊരു സ്ത്രീയെ കേരളത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് ഏപ്രിൽ 27ന് വിവാഹം ചെയ്തതായും ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോവലുമായി ബന്ധപ്പെട്ട് തൃശൂർ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലും വിവാഹമോചിതയെ വഞ്ചിച്ചതിന് തെലങ്കാന രായദുർഗ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ഇത് യുവതി തിരിച്ചറിഞ്ഞതോടെ യെലഹങ്ക പൊലീസിൽ ജൂൺ നാലിന് വഞ്ചനാകേസ് നൽകി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 29നാണ് മൈസൂരുവിൽ പ്രീതി സിങ് പരാതി നൽകിയത്.
സുനീഷിന്റെ മാതാപിതാക്കളായ സോമൻ പിള്ള, ഉമ എന്നിവരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. തന്നെ സുനീഷ് വിവാഹം കഴിച്ചതായി കാണിച്ച് ബംഗളൂരു സ്വദേശിനിയായ മേഘ്ന എന്ന യുവതിയും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. പ്രതിക്കായി കേരള, കർണാടക, തെലങ്കാന പൊലീസുകൾ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.