ബംഗളൂരു: നഗരത്തിൽ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് എട്ട് പുതിയ റൂട്ടുകളിൽകൂടി ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) ബസ് സർവിസ് ആരംഭിച്ചു. ഇതോടെ ബി.എം.ടി.സിയുടെ ആകെ മെട്രോ ഫീഡർ സർവിസുകളുടെ എണ്ണം 2264 ആയി. ഏപ്രിലോടെ 179 ബസുകൾകൂടി രംഗത്തിറക്കുന്നതോടെ ആകെ മെട്രോ ഫീഡർ ബസുകളുടെ എണ്ണം 300 ആയി ഉയരും.
അതോടൊപ്പം ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തുമകുരു റോഡിൽനിന്ന് പുതിയ സർവിസും ആരംഭിച്ചു. ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ (ബി.ഐ.ഇ.സി) സ്ഥിതി ചെയ്യുന്ന മാധവാരയിൽനിന്നാണ് സർവിസ്. വൻകിട പ്രദർശനങ്ങൾ നടക്കുന്ന ബി.ഐ.ഇ.സിയിൽനിന്ന് നേരിട്ട് വിമാനത്താവളത്തിലേക്ക് സർവിസ് ഏർപ്പെടുത്തുന്നത് ഏറെ ഗുണകരമാവും. KIA-18 എന്ന നമ്പറിൽ അഞ്ചു ബസുകൾ ഈ റൂട്ടിൽ 27 ട്രിപ്പുകൾ നടത്തും. ചിക്കബാണവാരയിൽനിന്ന് സുമനഹള്ളിയിലേക്ക് BC-8 എന്ന നമ്പറിലും പുതിയ റൂട്ട് സർവിസ് തുടങ്ങി. ദാസറഹള്ളി എട്ടാം മൈൽ, അന്തരഹള്ളി, ഹെരോഹള്ളി ക്രോസ്, സുങ്കതഘട്ടെ വഴിയാണ് BC-8 ബസ് സർവിസ് നടത്തുക.
നൈസ് റോഡിലൂടെ തുമകുരു റോഡ് മാധവാരയിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് നൈസ് 10 എന്ന നമ്പറിൽ സർവിസ് ആരംഭിച്ചു. 44 കിലോമീറ്റർ വരുന്ന ഈ പാതയിൽ 21 ബസുകൾ ദിനേന 147 ട്രിപ്പുകളിലായി സർവിസ് നടത്തും. ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിനെ ഇലക്ട്രോണിക് സിറ്റിയുമായി കണക്ട് ചെയ്യുന്നതാണ് നൈസ് 10 റൂട്ട്. തുമകുരു റോഡിൽനിന്ന് ആരംഭിച്ച് മാഗഡി റോഡ്, മൈസൂരു റോഡ്, കനക്പുര റോഡ്, ബന്നാർഘട്ട റോഡ് എന്നിവ വഴി ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റിലേക്കാണ് സർവിസ്. രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെ ഓരോ 10 മിനിറ്റിന്റെ ഇടവേളയിലും ഈ റൂട്ടിൽ ബസ് സർവിസ് ഉണ്ടാകും.
മാധവാരയിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് 25 രൂപ ടോൾ ചാർജും 35 രൂപ ടിക്കറ്റ് ചാർജുമടക്കം 60 രൂപയാണ് യാത്രാനിരക്ക്. ശക്തി പദ്ധതിയിൽ സൗജന്യമായി യാത്ര ചെയ്യുന്ന സ്ത്രീകൾ ടോൾ ചാർജും നൽകേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.