ബംഗളൂരു: നമ്മ മെട്രോയുടെ കെ.ആർ പുരം-ബൈയപ്പനഹള്ളി രണ്ടര കിലോമീറ്റർ പാതയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. പരീക്ഷണ ഓട്ടം പൂർത്തിയായ ശേഷം റെയിൽവേ സുരക്ഷ കമീഷണറുടെ പരിശോധന അടുത്തമാസം നടക്കും.കെങ്കേരി-ചല്ലഘട്ട (1.5 കിലോമീറ്റർ) പാതയിലെ നിർമാണം കൂടി പൂർത്തിയായതിന് ശേഷമാകും ഇരുപാതകളിലെയും പൊതുജനങ്ങൾക്കായുള്ള സർവിസ് ആരംഭിക്കുക.
ഇതോടെ മെട്രോയിൽ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 42.49 കിലോമീറ്റർ 1.40 മണിക്കൂർ കൊണ്ട് പിന്നിടാനാകും.കഴിഞ്ഞ ദിവസം വൈകുന്നേരം ആറിനാണ് പരീക്ഷണഓട്ടം തുടങ്ങിയത്. ബി.എം.ആർ.സി ഉദ്യോഗസ്ഥരും ട്രെയിനിൽ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടിക്കുന്നത്. വരും ദിവസങ്ങളിൽ വേഗപരിധി കൂട്ടി ട്രാക്കിന്റെ സുരക്ഷയും സിഗ്നലിങ് സംവിധാനത്തിന്റെ കൃത്യതയും ഉറപ്പാക്കും. കെ.ആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 13 കിലോമീറ്റർ പാത കഴിഞ്ഞ മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്.
നിലവിൽ ബൈയപ്പനഹള്ളി, കെ.ആർ. പുരം സ്റ്റേഷനുകളിൽ ഇറങ്ങുന്ന യാത്രക്കാരെ ബി.എം.ടി.സി ഫീഡർ ബസുകളിലാണ് ഇരുവശങ്ങളിലേക്കും എത്തിക്കുന്നത്. അതിനിടെ കെ.ആർ. പുരം-ബൈയപ്പനഹള്ളി പാതയിലെ ഏക സ്റ്റേഷനായ ജ്യോതിപുരയിലേക്കുള്ള റോഡ് വീതിക്കൂട്ടാനായി ഭൂമി ഏറ്റെടുക്കുന്നതിന് ബി.എം.ആർ.സിക്ക് ഹൈകോടതി അനുമതി നൽകി.
ആഗസ്റ്റിൽ പാതയിൽ സർവിസ് ആരംഭിക്കേണ്ടതിനാൽ ഉടൻ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനും നഷ്ടപരിഹാരം പിന്നീട് തീരുമാനിക്കാമെന്നും കോടതി നിർദേശിച്ചു.റോഡ് വീതികൂട്ടുമ്പോൾ ചുറ്റുമതിൽ പൊളിച്ച് നീക്കുന്നതിനു പകരമായി പ്രദേശത്തെ അപ്പാർട്മെന്റ് അസോസിയേഷന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.