ബംഗളൂരു: കർണാടകയിൽ സർക്കാറിന്റെ ഭക്ഷ്യ സബ്സിഡി പദ്ധതിയായ ഇന്ദിരാ കാന്റീനിലും സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണ പദ്ധതിയിലും റാഗി അടക്കമുള്ള ധാന്യ ഉൽപന്നങ്ങൾ ഉൾപ്പെടുത്തുമെന്നും ഇത്തരം ചെറുധാന്യ വിളകളെ പ്രോത്സാഹിപ്പിക്കാൻ പുതിയ കേന്ദ്രം തുറക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബംഗളൂരു പാലസ് മൈതാനത്ത് അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർണാടകയിലെ വിദ്യാർഥികളും ജനങ്ങളും കൂടുതൽ ആരോഗ്യമുള്ളവരാവട്ടെ എന്ന് പരാമർശിച്ച സിദ്ധരാമയ്യ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വൈകാതെ വിളിച്ചുചേർത്ത് ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കുമെന്നും വ്യക്തമാക്കി. രാസപദാർഥങ്ങൾ ചേർന്ന ഭക്ഷണങ്ങളാണ് ഇക്കാലത്ത് പല രോഗങ്ങൾക്കുമിടയാക്കുന്നത്. ചെറുധാന്യങ്ങൾ നൈട്രജനും സോഡിയവും വിറ്റമിനുകളും നാരുകളും ഉയർന്ന തോതിൽ അടങ്ങിയവയാണ്. ജൈവരീതിയിൽ കൃഷി ചെയ്ത ഇത്തരം ധാന്യങ്ങളാണ് പുതിയ കാലത്തെ അസുഖങ്ങൾക്കുള്ള പരിഹാരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രി ശോഭ കരന്ത് ലാജെ, കർണാടക കൃഷി മന്ത്രി എൻ. ചലുവരായ സ്വാമി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലസ് മൈതാനത്തെ ത്രിപുര വാസിനിയിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യ മേളയിൽ കർണാടകക്കു പുറമെ, സിക്കിം, ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, മണിപ്പൂർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വിൽപന-പ്രദർശന സ്റ്റാളുകളിലായി വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളുമുണ്ട്. ശനിയാഴ്ച പ്രധാന വേദിയിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കർഷകർക്ക് വിവിധ ശിൽപശാലകൾ നടക്കും. സമീപവേദിയിൽ അന്താരാഷ്ട്ര സെമിനാറുകളും പ്രഭാഷണങ്ങളും നടക്കും. ബിസിനസ് ലോഞ്ചിൽ കർഷകരുടെയും ബിസിനസുകാരുടെയും കൂടിക്കാഴ്ചകളും നടക്കും. മേള ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.