ബി.ജെ.പി പോസ്റ്ററിൽ മന്ത്രി കൃഷ്ണൻ കുട്ടിയും മാത്യൂ ടി. തോമസ് എം.എൽ.എയും: ജെ.ഡി.എസ് കേരള ഘടകം വെട്ടിൽ

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പോസ്റ്ററിൽ കേരളത്തിലെ ജെ.ഡി-എസ് നേതാക്കളായ മന്ത്രി കൃഷ്ണൻ കുട്ടിയും മാത്യൂ ടി. തോമസ് എം.എൽ.എയും. ബംഗളൂരു റൂറൽ മണ്ഡലത്തിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഡോ. സി.എൻ. മഞ്ജുനാഥിന് വോട്ടഭ്യർഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കും നരേന്ദ്ര മോദിക്കും ഒപ്പമാണ് കേരളത്തിലെ ജെ.ഡി.എസ് നേതാക്കളാണുള്ളത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും നിലവിൽ ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്.

ബി.ജെ.പിയുമായി സഖ്യംചേരാനുള്ള ദേവഗൗഡയുടെ ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ച് ജെ.ഡി-എസ് കേരള ഘടകം ദേശീയ കമ്മിറ്റിയിൽനിന്ന് മാറി നിന്നിരുന്നു. ഇതിനിടെ, ദേശീയ ജനറൽ സെക്രട്ടറി സി.കെ. നാണുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സമാന്തര നീക്കവും നടത്തി. സി.കെ. നാണു അടക്കമുള്ളവരെ പുറത്താക്കിയ ദേവഗൗഡ, മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയുമടങ്ങുന്ന കേരളഘടകത്തെ പാർട്ടിയുടെ ഭാഗമായിത്തന്നെ കണ്ടു.

കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ പെടാതിരിക്കാൻ കൃഷ്ണൻകുട്ടി ഇടതു മന്ത്രിസഭയിൽനിന്ന് രാജിവെച്ചതുമില്ല. ജെ.ഡി-എസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് കേരള ഘടകം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദേശീയതലത്തിലെ ഭാരവാഹിത്വം കേരള അംഗങ്ങൾ രാജിവെക്കാൻ തീരുമാനിച്ചപ്പോഴും മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയും ദേശീയ ഭാരവാഹിത്വത്തിൽതന്നെ തുടർന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ പ്രചാരണ പോസ്റ്റിൽ ഇരുവരും ഇടം പിടിച്ചത്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനു തന്നെ വലിയ തിരിച്ചടി ബി.ജെ.പിയുടെ ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ ​നോക്കി കാണുന്നത്. എന്നാൽ, ഈ പോസ്റ്ററിനെ കുറിച്ച് ​ജെ.ഡി.എസ് കേരള ഘടകം പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Minister Krishnan Kutty and Mathew T. Thomas MLA in the BJP poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.