ബംഗളൂരു: ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകൾ സന്ദർശിച്ച് വരൾച്ചക്കാര്യങ്ങൾ പഠിച്ച് നവംബർ 15നു മുമ്പ് റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. വരൾച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ ജനങ്ങളെ കണ്ട് വരൾച്ച സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതു പോലുമില്ലെന്നും മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
അടുത്ത രണ്ടാഴ്ച അതത് ജില്ലകളിൽ സന്ദർശനം നടത്തി വരൾച്ചക്കാര്യങ്ങളും ആശ്വാസ നടപടികളുടെ പുരോഗതിയും മന്ത്രിമാർ വിലയിരുത്തണം. നവംബർ 15നകം റിപ്പോർട്ട് നൽകണമെന്നും ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കുടിവെള്ള ലഭ്യത, ജനങ്ങൾക്കും മൃഗങ്ങൾക്കും മതിയായ വെള്ളം കിട്ടാനുള്ള സൗകര്യം, ജലസേചനം, തൊഴിൽ ലഭ്യത, വിളനഷ്ടം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം. നേരത്തേ അതത് ജില്ല ഭരണകൂടങ്ങളോട് വരൾച്ച ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ നിർദേശം നൽകിയിരുന്നു. ഇതിന്റെ പുരോഗതിയും മന്ത്രിമാർ സന്ദർശനത്തിൽ പരിശോധിക്കണം. നേരത്തേ എല്ലാ ജില്ലകളിലും സർവേ നടത്തി വിളനഷ്ടത്തിന്റെ കണക്ക് സർക്കാർ ശേഖരിച്ചിരുന്നു.
സർക്കാർ തയാറാക്കിയ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുകയും ദേശീയ ദുരന്തനിവാരണ സമിതിയിൽനിന്ന് (എൻ.ഡി.ആർ.എഫ്) വരൾച്ച സഹായമായി 17,901 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, കേന്ദ്രം ഇതുവരെ പണം നൽകിയിട്ടില്ല. കർണാടകയോട് കേന്ദ്രം ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു. ഫണ്ട് കിട്ടാൻ ബി.ജെ.പി നേതാക്കൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ 600 കോടിയും കേന്ദ്രം കർണാടകക്ക് നൽകിയിട്ടില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു. നവംബർ ഒമ്പതിന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ വരൾച്ച നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം വരൾച്ചമൂലം സംസ്ഥാനത്തെ കർഷകർക്ക് 30,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 42 ലക്ഷം ഹെക്ടർ കൃഷിനാശമാണ് ഉണ്ടായത്. ആകെയുള്ള 236 താലൂക്കുകളിൽ 216 ഉം വരൾച്ചബാധിതമാണ്. 11 താലൂക്കുകൾ കൂടുതൽ തീവ്രമായ വരൾച്ച അനുഭവിക്കുന്നു. ആകെ 189 താലൂക്കുകളാണ് തീവ്ര വരൾച്ച അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.