ബംഗളൂരു: ജലം ദുരുപയോഗം ചെയ്ത 362 പേർക്ക് പിഴയിട്ട് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി). നഗരത്തിൽ ജലക്ഷാമം രൂക്ഷമായതിനെതുടർന്ന് ജലവിനിയോഗം സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ബി.ഡബ്ല്യു.എസ്.എസ്.ബി വിതരണം ചെയ്യുന്ന വെള്ളം ചെടികൾ നനക്കുന്നതിനോ വാഹനങ്ങൾ കഴുകുന്നതിനോ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജല ഉപയോഗം നിയന്ത്രിക്കാൻ ഗാർഹിക ഉപഭോക്താക്കളല്ലാത്തവർ പൈപ്പുകളിൽ എയറേറ്റർ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.
മാർഗനിർദേശങ്ങൾ ലംഘിക്കുന്നവരിൽനിന്ന് പിഴയീടാക്കിത്തുടങ്ങിയിരുന്നു. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവരിൽനിന്ന് 5,000 രൂപയാണ് പിഴയീടാക്കുന്നത്. ഇതുവരെ 362 പേരിൽനിന്നായി 18 ലക്ഷത്തോളം രൂപയാണ് പിഴയായി പിടിച്ചത്.
പിഴയീടാക്കിത്തുടങ്ങിയതോടെ ജല വിനിയോഗത്തിൽ ആളുകൾ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് ബി.ഡബ്ല്യൂ.എസ്.എസ്.ബി ചെയർമാൻ ഡോ. വി. രാം പ്രസാദ് പറഞ്ഞു. ജല ദുർവിനിയോഗം 80 മുതൽ 90 ശതമാനം വരെ കുറഞ്ഞതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങൾ ജല ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയെ അറിയിക്കണമെന്ന് അഭ്യർഥിച്ചു.
ജലവിനിയോഗം സംബന്ധിച്ച ബോധവത്കരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ബാംഗ്ലൂർ സീത്ത് വെസ്റ്റ്-രണ്ട് മേഖലയിലാണ്; 32 കേസുകൾ. ഇവിടെ നിന്ന് 1.6 ലക്ഷം രൂപ പിഴയീടാക്കി. ബാംഗ്ലൂർ ഈസ്റ്റ് സോണിൽനിന്ന് 21 പേരിൽനിന്നായി 1.5 ലക്ഷവും ഈടാക്കി. ബാംഗ്ലൂർ സീത്ത് സോൺ - ഒന്ന്, നോർത്ത് സോൺ - ഒന്ന്, നോർത്ത് സോൺ- രണ്ട് എന്നീ സോണുകളിൽനിന്ന് 12 വീതം കേസുകളിൽനിന്ന് 1.8 ലക്ഷവും പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.