മംഗളൂരു: ദക്ഷിണ കന്നട ലെജിസ്ലേറ്റിവ് കൗൺസിൽ അംഗ (എം.എൽ.സി) ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും എം.എൽ.എ, എം.പിമാരും ഉൾപ്പെടെ 6032 പേർ സമ്മതിദായകരായ തെരഞ്ഞെടുപ്പിൽ ബാലറ്റ് കടലാസ് ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.
വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. പൊതുതെരഞ്ഞെടുപ്പിന്റെ വാശിയോടെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ജനപ്രതിനിധികൾ ബൂത്തുകളിൽ വരിനിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചു. കർണാടക നിയമസഭ സ്പീക്കർ മംഗളൂരു എം.എൽ.എ യു.ടി. ഖാദർ ഉള്ളാൾ സിറ്റി മുനിസിപ്പൽ കൗൺസിൽ ഓഫിസ് ബൂത്തിൽ വോട്ട് ചെയ്തു. ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട മംഗളൂരുവിലും ഉഡുപ്പി -ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ പൂജാരി ഉഡുപ്പിയിലും വോട്ട് രേഖപ്പെടുത്തി. മുൻ മന്ത്രിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കാർക്കള എം.എൽ.എ വി. സുനിൽ കുമാർ കാർക്കളയിൽ വോട്ട് രേഖപ്പെടുത്തി.
ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവായിരുന്ന ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരി ഉഡുപ്പി -ചിക്കമഗളൂരു എം.പിയായതിനെത്തുടർന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടു ജില്ലകളിലുമായി 392 പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിരുന്നു.
വോട്ടെണ്ണൽ മംഗളൂരു സെന്റ് അലോഷ്യസ് പി.യു കോളജിലാണ് നടക്കുക. ബി.ആർ. കിഷോർ (ബി.ജെ.പി), രാജു പൂജാരി (കോൺഗ്രസ്), എസ്. അൻവർ സാദത്ത് (എസ്.ഡി.പി.ഐ), ദിനകർ ഉള്ളാൾ (സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.