ബംഗളൂരു: ശാന്തിനഗ എൻ.എ. ഹാരിസ് ഉൾപ്പെടെ 34 എം.എൽ.എമാർ വിവിധ ബോർഡ്, കോർപ്പറേഷൻ ചെയർമാന്മാരാവും. മലയാളിയായ ഹാരിസിന് ബംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ) ചെയർമാൻ സ്ഥാനമാണ് ലഭിക്കുക. കാബിനറ്റ് റാങ്കേടെയാണ് നിയമനം.
കാസർകോട് വേരുകളുള്ള നാലപ്പാട് കുടുംബാംഗമായ എൻ.എ. ഹാരിസ് നാലാം തവണയാണ് തുടർച്ചയായി എംഎൽ.എയാവുന്നത്. ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി. ഇതോടെയാണ് കാബിനറ്റ് റാങ്കോടെ പ്രധാന ചുമതലകളിലൊന്നായ ബംഗളൂരു നഗര വികസന അതോറിറ്റി തന്നെ അദ്ദേഹത്തിന് കൈമാറിയത്.
മുമ്പ് ബംഗളൂരു മെട്രോ പൊളിറ്റൻ കോർപറേഷൻ (ബി.എം.ടി.സി) ചെയർമാനായി ചുമതല വഹിച്ചിട്ടുണ്ട്. കായിക സംഘാടന രംഗത്തും സജീവമായ അദ്ദേഹം അനിലവിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) വൈസ് പ്രസിഡന്റും കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ (കെ.എസ്.എഫ്.എ) പ്രസിഡന്റുമാണ്.
എം.എൽ.എമാർ മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച പ്രഥമ പട്ടികയിലുള്ളത്. 36 എംഎൽഎമാർക്കും 39 കോൺഗ്രസ് പ്രവർത്തകർക്കും പദവികൾ ലഭിക്കുമെന്നാണ് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ പറഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ച അന്തിമ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് അയച്ചു കൊടുത്തിരുന്നു.
എന്നാൽ ഇതിൽ കർണാടക നേതൃത്വം നിർദേശിക്കാത്ത ചില പേരുകളും ഉൾപ്പെട്ടു. ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും ചേർന്ന് വെട്ടിമാറ്റി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മറ്റു പാറട്ടികളിൽനിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ എം.എൽ.എമാരെയും ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചു.
ജെ.ഡി-എസിൽനിന്ന് കോൺഗ്രസിലെത്തിയ അരസികരെ എം.എൽ.എ കെ.എം. ശിവലിംഗ ഗൗഡ, ഗുബ്ബി എം.എൽ.എ എസ്.ആർ. ശ്രീനിവാസ എന്നിവരെ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.