ബംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലെ നാഗസാന്ദ്ര മുതൽ മാധവാര വരെയുള്ള ഭാഗം ജൂലൈ അവസാനത്തോടുകൂടി പ്രവർത്തിച്ചു തുടങ്ങും.അഞ്ചു വർഷത്തെ നീണ്ട കാത്തിരിപ്പിനായിരിക്കും ഇതോടെ അറുതിയാവുക. 3.7 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ഭാഗത്ത് മഞ്ജുനാഥ് നഗർ, ചിക്കബിദറക്കല്ലു (ജിൻഡാൽ നഗർ), മാധവാര എന്നീ സ്റ്റേഷനുകളാണുള്ളത്. 298 കോടി ചിലവ് വരുന്ന ഈ ഭാഗം 2019ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.
ഈ പാത തുറക്കുന്നതോടെ മടനയകനഹള്ളി, മകലി വില്ലേജ്, നെലമംഗല തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഏറെ സൗകര്യമായിരിക്കും. അവസാനഘട്ട മിനുക്കുപണികളും ട്രയൽ റണ്ണുമാണ് പ്രധാനമായും ബാക്കിയുള്ളത്. മെട്രോ റെയിൽ സേഫ്റ്റി കമീഷണറുടെ പരിശോധനകൂടി കഴിഞ്ഞശേഷം യാത്രക്കാർക്ക് തുറന്നുകൊടുക്കും.
ബംഗളൂരു മെട്രോയുടെ ആർ.വി റോഡ് മുതൽ ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിലേക്കുള്ള മെട്രോ കോച്ചുകൾ ആഗസ്റ്റിലെത്തും. കൊൽക്കത്ത ആസ്ഥാനമായ ടിറ്റഗർഹ് റെയിൽ സിസ്റ്റംസ് നിർമിക്കുന്ന ഡ്രൈവർ രഹിത കോച്ചുകൾ ആദ്യഘട്ടത്തിൽ ട്രെയിൻ ഓപറേറ്ററെ വെച്ചായിരിക്കും സർവിസ് നടത്തുക. ചൈന റെയിൽവേ റോളിങ് സ്റ്റോക് കോർപറേഷനാണ് കോച്ചുകളുടെ നിർമാണത്തിനുള്ള കരാർ ഏറ്റെടുത്തത്.
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബി.ഇ.എം.എല്ലിനേക്കാളും കുറഞ്ഞ തുക ക്വോട്ട് ചെയ്താണ് ചൈനീസ് കമ്പനി കരാർ നേടിയത്. ഇന്ത്യയിൽ നിർമാണ ശാലകളില്ലാത്തതിനാൽ പങ്കാളിയായി ടിറ്റഗർഹ് റെയിൽ സിസ്റ്റംസിനെ കൂട്ടുകയായിരുന്നു. ഡ്രൈവർരഹിത കോച്ചിന്റെ ആദ്യരൂപം ചൈനയിൽ നിന്നും ചെന്നൈ തുറമുഖം വഴി കഴിഞ്ഞ ഫെബ്രുവരി മധ്യത്തിൽ ബംഗളൂരുവിലെത്തിയിരുന്നു. അതിന്റെ പരീക്ഷണ ഓട്ടങ്ങളും സുരക്ഷ പരിശോധനയും പൂർത്തിയാക്കാൻ ആറു മാസമെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.
യെല്ലോ ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി 2024 ഡിസംബർ ആയി പുനർനിശ്ചയിച്ചിരുന്നു. സിവിൽ വർക്കുകൾ പൂർത്തിയായ ലൈനിൽ ട്രെയിനുകളെത്താത്തതാണ് ഇനി തടസ്സം. യെല്ലോ ലൈൻ ആർ.വി റോഡ് സ്റ്റേഷനിൽ വെച്ച് ഗ്രീൻ ലൈനുമായും ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനിൽ വെച്ച് പിങ്ക് ലൈനുമായും ബന്ധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.