ബംഗളൂരു: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച ബംഗളൂരു മെട്രോ നിരക്ക് വർധിപ്പിക്കാൻ ജനങ്ങളുടെ ഗ്രീൻ സിഗ്നൽതേടുന്നു. 2011ൽ മെട്രോ പ്രവർത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് പരിഷ്കരണത്തിന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ആണ് നിരക്ക് പരിഷ്കരണത്തെക്കുറിച്ച് പൊതുജനങ്ങളുടെ നിർദേശങ്ങൾ ക്ഷണിച്ചത്.
നിർദേശങ്ങൾ നിരീക്ഷിച്ച് ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്.എഫ്.സി) തീരുമാനത്തിന് അന്തിമരൂപം നൽകും. ഒക്ടോബർ 21നകം ‘മെട്രോ റെയിൽ നിരക്ക് ഫിക്സിങ് കമ്മിറ്റി’ക്കാണ് നിർദേശങ്ങൾ നൽകേണ്ടത്. ffc@bmrc.co.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ മൂന്നാം നിലയിലെ ‘മെട്രോ റെയിൽ നിരക്ക് ഫിക്സിങ് കമ്മിറ്റി’ ചെയർമാന് ‘സി’ ബ്ലോക്ക്, ബി.എം.ടി.സി കോംപ്ലക്സ്, കെ.എച്ച് റോഡ്, ശാന്തിനഗർ, ബംഗളൂരു 560027 എന്ന വിലാസത്തിൽ എഴുതുകയോ ചെയ്യാം.
ബംഗളൂരുവിൽ നമ്മ മെട്രോ ആരംഭിച്ചതിന് ശേഷം 2017ൽ ടിക്കറ്റ് നിരക്ക് 10-15 ശതമാനത്തോളം പരിഷ്കരിച്ചിരുന്നു. നിലവിൽ കുറഞ്ഞ നിരക്ക് 10 രൂപയാണ്. പരമാവധി 60 രൂപയും. പർപ്പിൾ, ഗ്രീൻ ലൈനുകളിൽ ദീർഘദൂര യാത്രകൾക്ക് പരമാവധി നിരക്ക് ബാധകമാണ്. വൈറ്റ്ഫീൽഡ്-ചല്ലഘട്ട തമ്മിലുള്ള ദൂരം 43.49 കിലോമീറ്ററും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്-നാഗസാന്ദ്രയും തമ്മിലുള്ള ദൂരം 30.32 കിലോമീറ്ററുമാണ്. എന്നാൽ അവയുടെ നിരക്ക് തുല്യമാണ് (60 രൂപ). സ്മാർട്ട് കാർഡുകളും ക്യു.ആർ കോഡ് ടിക്കറ്റുകളും ഉപയോഗിക്കുന്ന യാത്രക്കാർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.