ബംഗളൂരു: വരവും ചെലവും തമ്മിൽ നേരിയ വ്യത്യാസത്തിൽ മുന്നോട്ട് പോകുന്ന ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ കോച്ചുകൾക്ക് പുറത്ത് കോർപറേറ്റ് പരസ്യങ്ങൾ നൽകി വരുമാനം വർധിപ്പിക്കുന്നു.
പർപ്ൾ ലൈൻ (ലൈൻ ഒന്ന്), ഗ്രീൻ ലൈൻ (ലൈൻ രണ്ട്) എന്നിവയിൽ സർവിസ് നടത്തുന്ന ട്രെയിനുകളുടെ പുറംഭാഗത്ത് ഉയർന്ന നിലവാരമുള്ള പരസ്യങ്ങൾ അനുവദിക്കുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.
ഏഴ് വർഷത്തേക്ക് എക്സ്ക്ലൂസിവ് പരസ്യ അവകാശം നേടുന്നതിന് യോഗ്യതയുള്ള പരസ്യ ഏജൻസികളിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. കോർപറേറ്റ് ബ്രാൻഡിങ് വർധിപ്പിക്കുന്നതും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. നിലവിൽ, ബംഗളൂരു മെട്രോ 57 ട്രെയിൻ സെറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
മെട്രോ ലോഗോക്കൊപ്പം ട്രെയിനിന്റെ പുറംഭാഗത്ത് വിവിധ കോർപറേറ്റ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. 2022-23 സാമ്പത്തിക വർഷം ബി.എം.ആർ.സി.എൽ ടിക്കറ്റ് വരുമാനത്തിൽനിന്ന് 422 കോടി രൂപയും ടിക്കറ്റ് ഇതര സ്രോതസ്സുകളിൽനിന്ന് 171 കോടി രൂപ അധികവും നേടി. ഇതേ കാലയളവിലെ പ്രവർത്തന ചെലവ് 486 കോടി രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.