ബംഗളൂരു: മെട്രോയുടെ ഗ്രീൻ ലൈനിന്റെ അവസാന ഭാഗമായ 3.14 കിലോമീറ്റർ നീളമുള്ള നാഗസാന്ദ്ര -മാധവാര ലൈൻ ഒക്ടോബർ മധ്യത്തോടെ തുറക്കാനൊരുങ്ങി നമ്മ മെട്രോ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ഭാഗം തുറക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്ന് സുരക്ഷ ക്ലിയറൻസുകൾക്കായി മെട്രോ റെയിൽവേ സേഫ്റ്റി കമീഷണർക്ക് അപേക്ഷ സമർപ്പിച്ചു.
മഞ്ജുനാഥ് നഗർ, ചിക്കബിദറക്കല്ലു, മാധവാര എന്നീ മൂന്ന് എലവേറ്റഡ് സ്റ്റേഷനുകളുള്ള ഈ ഭാഗമാണ് നമ്മ മെട്രോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് നിർമാണം പൂർത്തിയാക്കുന്ന ഭാഗം. ഭൂമിയേറ്റെടുക്കുന്നതിലെ തടസ്സങ്ങളും നിർമാണമേറ്റെടുത്ത കരാർ കമ്പനി നേരിട്ട സാമ്പത്തിക വെല്ലുവിളികളുമാണ് നിർമാണം ഇത്രയും വൈകാൻ കാരണമായത്.
2017 ഫെബ്രുവരിയിൽ സിംപ്ലക്സ് ഇൻഫ്രോസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിക്ക് 298.65 കോടി രൂപക്ക് 27 മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. 91 മാസമെടുത്താണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. ഈ ഭാഗത്ത് ആഗസ്റ്റ് 12ന് സിഗ്നലിങ് ടെസ്റ്റും 17ന് ട്രയൽ റണും പൂർത്തിയാക്കിയിരുന്നു.
ഗ്രീൻ ലൈനിലെ മാധവാര സ്റ്റേഷൻ തുറക്കുന്നതോടെ തുമകൂരു റോഡിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ജിൻഡാൽ സിറ്റി, ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലേക്കും കണക്ടിവിറ്റിയാകും. മാധവരയിൽ നിന്ന് 52.41 കിലോമീറ്റർ ദൈർഘ്യം വരുന്ന തുമകൂരുവിലേക്ക് മെട്രോ നീട്ടുന്നതും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി സാധ്യത പഠനം നടത്തുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ കൺസൽട്ടിങ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.