ബംഗളൂരു: ബംഗളൂരു നഗരത്തിലെ നിരവധി പേർക്ക് ഇന്നലെ മൊബൈൽ ഫോണിൽ സർക്കാറിന്റെ മുന്നറിയിപ്പ് ശബ്ദം. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ബീപ് ശബ്ദം മിക്കവർക്കും എത്തിയത്. തുടർന്ന് സ്ക്രീനിൽ കേന്ദ്രസർക്കാറിന്റെ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ സന്ദേശം തെളിയുകയും ചെയ്തു. സ്ക്രീനിലെ ഒ.കെ ബട്ടണിൽ വിരൽ അമർത്തുന്നതുവരെ ബീപ് ശബ്ദം തുടർന്നു.
ബംഗളൂരു നഗരത്തിൽ ചില ബസുകളിൽ യാത്ര ചെയ്യുന്നവരുടെ ഫോണിൽ ഒരുമിച്ച് ഈ ശബ്ദം വന്നു. ഏതെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.ഡി.എം.എ) നൽകുന്ന സന്ദേശമാണിത്. ഇതോടെ മിക്കവരും ആശങ്കയിലായി. എന്നാൽ, ഇതൊരു പരീക്ഷണ മെസേജ് ആണെന്നും അവഗണിക്കണമെന്നും സ്ക്രീനിൽ തെളിഞ്ഞ സന്ദേശത്തിൽ പറയുന്നുണ്ട്. സൈലന്റ് മോഡിലുള്ള ഫോണുകളിലും കേൾക്കുന്ന രൂപത്തിൽ തയാറാക്കിയതായിരുന്നു ബീപ് ശബ്ദം. എന്നാൽ, സൈലന്റിലുള്ള ചിലർക്ക് ബീപ് ശബ്ദം കേട്ടതുമില്ല. ഏതായാലും ബംഗളൂരുവിലെ നിരവധി പേർ തങ്ങളുടെ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ ആശങ്കയുണ്ടാകുന്ന തരത്തിലുള്ള പരീക്ഷണം ഇനി ഒഴിവാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ജൂലൈ മുതൽ ഈ സംവിധാനം സർക്കാർ പരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.