ബംഗളൂരു: ഓണം പൊതുഇടങ്ങളുടെ ആഘോഷമാണെന്നും ജാതി-മത-വർണ- രാഷ്ട്രീയത്തിനതീതമായി അകലങ്ങളില്ലാതെ നമ്മെ ഒന്നിച്ചിരുത്തുന്ന ഒന്നാണ് പൊതുഇടങ്ങളെന്നും സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു.
വിമാനപുര കൈരളി കലാസമിതി സംഘടിപ്പിച്ച ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കൽപികമായ മാതൃദേശത്തെ ഹൃദയത്തിൽ വഹിച്ചുകൊണ്ടാണ് ഓരോ പ്രവാസിയും കഴിയുന്നത്. അതുകൊണ്ടാണ് ഓണവും വിഷുവും പെരുന്നാളുമെല്ലാം പ്രവാസികൾ നാട്ടിലേതിലും ആഘോഷ പൂർണമാക്കുന്നത്. നമ്മൾ നമ്മുടെ നാടിനെ ഇങ്ങോട്ടേക്ക് കടത്തിക്കൊണ്ടു വരികയും അതിന്റെ ചുറ്റുവട്ടത്തിൽ ജീവിച്ച്, നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഔഷധമായി മാറുന്നു.
ധർമവും നീതിയും പ്രവർത്തിച്ചു എന്നതിന്റെ പേരിൽ, കപട മതക്കാരനായ ഒരാളെ തിരിച്ചറിയാതെ പോയി എന്നതിന്റെ പേരിൽ തോൽക്കപെട്ട ഒരുവന്റെ ആഘോഷമാണ് ഓണം. അധർമവും അനീതിയും കപടമുഖങ്ങളും കൊടികുത്തി വാഴുന്ന ഈ കാലത്ത് ഓണം ആഘോഷിക്കുകയെന്നത് ഓരോ മലയാളിയുടെയും ദൗത്യമാണെന്നും മലയാളിയെ മലയാളിയായി നിർത്തുന്നതിൽ മലയാളവും ഓണവും വഹിക്കുന്ന പങ്ക് വലുതാണെന്നും ബെന്യാമിൻ പറഞ്ഞു.ചടങ്ങിൽ കന്നട എഴുത്തുകാരൻ സതീഷ് ചപ്പാരികെ വിശിഷ്ടാതിഥിയായി. പൂക്കള മത്സരം, ഫാൻസി ഡ്രസ്, കലാപരിപാടികൾ എന്നിവ നടന്നു.
പൊതുസമ്മേളനത്തിൽ പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയന്റ് സെക്രട്ടറി രാധാകൃഷ്ണൻ, ട്രഷറർ വി.എം. രാജീവ്, അസി. സെക്രട്ടറി സി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. വയലിനിസ്റ്റ് വിഷ്ണു അശോക്, സാക്സഫോൺ ആർട്ടിസ്റ്റ് ജയൻ ഇയ്യക്കാട് എന്നിവരുടെ ഫ്യൂഷൻ അരങ്ങേറി. പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും നയിച്ച ഗാനമേള അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.