ബംഗളൂരു: ഓണം അവധിയുടേയും മറ്റും യാത്രാതിരക്ക് പരിഗണിച്ച് നാട്ടിലെത്താനാഗ്രഹിക്കുന്നവർക്ക് ആശ്വാസമേകി കർണാടക ആർ.ടി.സി. ഇതിനകം ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കർണാടക 32 പ്രത്യേക ബസുകളാണ് പ്രഖ്യാപിച്ചത്. കൂടുതൽ ബസുകൾ വരും ദിനങ്ങളിൽ പ്രഖ്യാപിക്കും.
കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 25ന് മാത്രം 22 ബസുകളുണ്ട്. കണ്ണൂർ, ആലപ്പുഴ, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, മൂന്നാർ, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ആഗസ്റ്റ് 25നുള്ള ബസുകൾ. 24ന് അഞ്ച് ബസുകളുമുണ്ട്. 23ന് മൈസൂരുവിൽനിന്ന് എറണാകുളത്തേക്ക് ഒരു സ്പെഷ്യൽ ബസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രാത്രി 9.28ന് മൈസൂരുവിൽനിന്ന് പുറപ്പെടും. ആഗസ്റ്റ് 26ന് നാല് പ്രത്യേക ബസുകളാണ് കേരളത്തിലേക്കുള്ളത്. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള ബസ് രാത്രി 9.13നും പാലക്കാട് ബസ് രാത്രി 9.47നും തൃശൂർ ബസ് 9.45നും പുറപ്പെടും. 26ന് മൈസൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള ബസ് രാത്രി 9.28നും പുറപ്പെടും. ഈ സർവിസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.
തിരക്കിന് അനുസരിച്ച് 30 ശതമാനം അധികനിരക്കാണ് കർണാടക ആർ.ടി.സി ഈടാക്കുന്നത്. 23 മുതൽ 27 വരെയുള്ള പതിവ് സർവിസുകളിലെ ടിക്കറ്റുകൾ ഇതിനകം തീർന്നിട്ടുണ്ട്. ഇതോടെയാണ് പ്രത്യേക ബസുകൾ അനുവദിച്ചത്. കേരള ആർ.ടി.സി 25ന് 20 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്ക് കർണാടക ആർ.ടി.സി രണ്ട് പ്രത്യേക ബസുകളും അനുവദിച്ചു. ആഗസ്റ്റ് 25ന് രാത്രി 8.14നും 8.30നും എ.സി മൾട്ടി ആക്സിൽ ബസ് ബംഗളൂരുവിൽനിന്ന് പുറപ്പെടും. ശാന്തിനഗറിൽനിന്ന് പുറപ്പെടുന്ന ഈ ബസുകൾ തൃശൂർ, എറണാകുളം വഴി രാവിലെ ഏഴിന് ആലപ്പുഴയിലെത്തും. ആലപ്പുഴയിലേക്കുള്ള പ്രതിദിന സർവിസിനു പുറമെയാണിത്.
ആലപ്പുഴയിലേക്ക് പ്രത്യേക ബസുകൾ വേണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കർണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ബസുകൾ അനുവദിച്ചത്. ബംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്ക് കേരള ആർ.ടി.സി പ്രത്യേക ബസുകൾ അനുവദിക്കാത്ത സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.