ബംഗളൂരു: ഓണക്കാലത്തുള്ള തിരക്ക് പരിഗണിച്ച് നാട്ടിലേക്ക് കൂടുതൽ പ്രത്യേക ബസുകളുമായി കേരള ആർ.ടി.സി തിരക്ക് കൂടുതലുള്ള ആഗസ്റ്റ് 25ന് മാത്രം 17 സ്പെഷൽ ബസുകളാണ് ഓടുക. കോഴിക്കോട് -5, കണ്ണൂർ -2, എറണാകുളം -4, തൃശൂർ -2, കോട്ടയം -2, പയ്യന്നൂർ -1 തിരുവനന്തപുരം -1 എന്നിവിടങ്ങളിലേക്കാണിത്. ഇതിലേക്കുള്ള ബുക്കിങ് കേരള ആർ.ടി.സി ആരംഭിച്ചു. online.ksrtc.com സൈറ്റിലൂടെയും ENTE KSRTC ആപ്പിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഇതിലെ ടിക്കറ്റുകൾ തീരുന്നതോടെ കൂടുതൽ ബസുകൾ അനുവദിക്കും. ഇതേ ദിവസം മലബാർ മേഖലയിലേക്കുള്ള പകൽ സർവിസുകളിൽ മാത്രമാണ് ഇനി കുറച്ച് ടിക്കറ്റുകൾ ബാക്കിയുള്ളത്. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 22 മുതൽ 28 വരെയും കേരളത്തിൽനിന്ന് തിരിച്ച് 29 മുതൽ സെപ്റ്റംബർ അഞ്ചുവരെയുമാണ് സ്പെഷൽ ബസുകൾ ഓടിക്കുന്നത്. ഇതിൽ തിരിച്ചുള്ള സർവിസുകളുടെ ബുക്കിങ് ആരംഭിച്ചിട്ടില്ല. പതിവ് സർവിസുകളിൽ 30 ശതമാനം ഫ്ലെക്സി ടിക്കറ്റ് നിരക്കും സ്പെഷൽ ബസുകളിൽ എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കുമാണ് ഈടാക്കുന്നത്.
അതേസമയം, ഓണത്തിന് ബംഗളൂരുവിൽനിന്നുള്ള കേരള ആർ.ടി.സി സ്വിഫ്റ്റ് ബസുകളിലെ ബുക്കിങ് പൂർത്തിയായിട്ടും പ്രത്യേക ബസുകൾ അനുവദിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് അധികൃതർ പറയുന്നു. സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളുടെ ക്ഷാമമാണ് പ്രധാന കാരണം. ഇതുവരെ അനുവദിച്ച എല്ലാ സ്പെഷൽ ബസുകളും കേരള ആർ.ടി.സിയുടെ ഡീലക്സ്, എക്സ്പ്രസ് വിഭാഗത്തിലുള്ളതാണ്. സ്വിഫ്റ്റിന്റെ എ.സി, ഡീലക്സ് വിഭാഗത്തിലെ പതിവ് സർവിസുകൾ മുടങ്ങിയാൽ പകരം കേരള ആർ.ടി.സിയുടെ ബസുകളാണ് അനുവദിക്കുന്നത്. onlineksrtcswift.com സൈറ്റിലൂടെ സ്വിഫ്റ്റ് ബസുകളുടെ ബുക്കിങ് നടത്താം. കേരള ആർ.ടി.സിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തന്നെയാണ് സ്വിഫ്റ്റിന്റെയും ബുക്കിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.