ബംഗളൂരു: ഓണത്തിന് ബംഗളൂരുവിൽനിന്ന് നാട്ടിലേക്കും തിരിച്ചും പ്രതിദിനം 12 സ്പെഷൽ ബസുകൾ കേരള ആർ.ടി.സി ഓടിക്കും. ഇതിനായുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ അഞ്ചു വരെയാണിത്.
ആദ്യഘട്ടത്തിലാണ് 12 ബസുകൾ. വരും ദിവസങ്ങളിൽ ആവശ്യം നോക്കി കൂടുതൽ ബസുകൾ അനുവദിക്കാൻ സാധ്യതയുണ്ട്. പതിവ് സർവിസുകളിലെ ടിക്കറ്റ് തീരുന്നതോടെയാണ് ഓരോ റൂട്ടുകളിലേക്കുമുള്ള സ്പെഷൽ ബസുകളിലെ ബുക്കിങ് ആരംഭിക്കുന്നത്.
തിരുവനന്തപുരത്തേക്കുള്ള ഡീലക്സ് ബസ് ദിണ്ഡിക്കൽ, മധുര, നാഗർകോവിൽ വഴിയായിരിക്കും സർവിസ്. ഓണം സ്പെഷൽ ബസുകളിൽ എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്.എറണാകുളത്തേക്കുള്ള (സേലം വഴി) സ്പെഷൽ ഡീലക്സ് ബസിൽ ഓൺലൈനായി തൃശൂരിലേക്ക് ടിക്കറ്റെടുത്താലും എറണാകുളം വരെയുള്ള നിരക്ക് നൽകണം.
ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ കേരള ആർ.ടി.സി, സ്വിഫ്റ്റ് ബസുകളിലും 30 ശതമാനം അധിക ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. ഒരു വശത്തേക്ക് ബസുകൾ കാലിയായി വരുന്നതിന്റെ നഷ്ടം കുറക്കുന്നതിനായാണ് ഫ്ലെക്സി, എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തുന്നത്.
കേരള ആർ.ടി.സി ടിക്കറ്റ് ബുക്കിങ്ങ് online.keralartc.com എന്ന സൈറ്റ് വഴിയോ Ente KSRTC എന്ന മൊബൈൽ ആപ് വഴിയോ നടത്താം. സ്വിഫ്റ്റ് ബസ് ബുക്കിങ്ങിന്: onlineksrtcswift.com. മൊബൈൽ ആപ്: Ente KSRTC Neo-oprs.ബംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിലെ റിസർവേഷൻ കൗണ്ടറിലെ 080 26756666 എന്ന ഫോൺനമ്പറിലും വിശദവിവരങ്ങൾ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.