ബംഗളൂരു: കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ഓണത്തിന് ഒന്നരമാസം മുമ്പേ ടിക്കറ്റ് ഫുൾ. സെപ്റ്റംബർ 15നാണ് തിരുവോണം. 12,13 തീയതികളിലാണ് കേരളത്തിലേക്കുള്ള തീവണ്ടികളിലും ബസുകളിലും കൂടുതൽ തിരക്ക് അനുഭവപ്പെടുക.
ടിക്കറ്റ് നേരത്തേ തീർന്നതിനാൽ പ്രത്യേക ട്രെയിനിലാണ് യാത്രക്കാരുടെ പ്രതീക്ഷ. യാത്രാപ്രശ്നത്തിന് പരിഹാരമായി ഓണത്തിന് മുന്നോടിയായി പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് മലയാളി സംഘടനകൾ ആവശ്യപ്പെടുന്നു.
പ്രത്യേക ട്രെയിൻ സർവിസ് തുടങ്ങുന്നതിന്റെ ഒന്നോ രണ്ടോ ദിവസംമുമ്പ് മാത്രം പ്രഖ്യാപിക്കുന്ന റെയിൽവേയുടെ രീതി മാറണമെന്നും ആവശ്യമുണ്ട്. വൈകിയുള്ള അറിയിപ്പ് പൊതുവേ പ്രയോജനപ്പെടാറില്ല. ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്തവർ കേരള, കർണാടക ആർ.ടി.സി ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്. യാത്രക്ക് മാസം മുമ്പാണ് ആർ.ടി.സി ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്. ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് സ്വകാര്യബസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ഒരു ബസ് മാത്രമാണ് ഉള്ളത്.
വരുംദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലേക്കുമുള്ള ബസുകളുടെ ബുക്കിങ് ആരംഭിക്കും. തിരക്ക് കൂടുതലുള്ള സെപ്റ്റംബർ 13ന് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണമടുക്കുന്തോറും സ്വകാര്യ ബസുകൾ കൊള്ള നിരക്ക് നിശ്ചയിക്കും. പെരുന്നാൾ കൊള്ള ഈയിടെ കഴിഞ്ഞതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.