കർണാടകയിൽ ഓപറേഷൻ താമര തിരിച്ചടിക്കുന്നു

ബംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റുവാങ്ങിയ ബി.ജെ.പിക്ക് വീണ്ടും പ്രഹരമേകി എം.എൽ.എമാർ പാർട്ടി വിടാനൊരുങ്ങുന്നു. 2019ൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യസർക്കാറിനെ അട്ടിമറിച്ച ഓപറേഷൻ താമരയിലൂടെ കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നും ബി.ജെ.പിയിലെത്തിയ എം.എൽ.എമാരാണ് തിരിച്ചുപോക്കിന് ഒരുങ്ങുന്നത്.

2019ൽ കോൺഗ്രസിൽനിന്ന് രാജിവെച്ചെത്തിയ എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, മുനി രത്ന, ശിവറാം ഹെബ്ബാർ, ജെ.ഡി.എസിൽനിന്ന് രാജിവെച്ചെത്തിയ കെ. ഗോപാലയ്യ എന്നിവരാണ് ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്നത്. ഇവർ കോൺഗ്രസിലേക്ക് ചേക്കേറുമെന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കർണാടക ബി.ജെ.പിയിൽ നേതൃപ്രതിസന്ധി രൂക്ഷമാണ്.

വിമതനീക്കം നടത്തുന്ന നേതാക്കളെ അനുനയിപ്പിക്കാൻ ഒടുവിൽ ബി.എസ്. യെദിയൂരപ്പ തന്നെ നേരിട്ട് രംഗത്തിറങ്ങി. കഴിഞ്ഞദിവസം ബംഗളൂരുവിൽ യെദിയൂരപ്പയുടെ വസതിയിൽ ബി.ജെ.പി നേതാക്കളുടെ അടിയന്തര യോഗം ചേർന്നു. മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈ, ഡി.വി. സദാനന്ദ ഗൗഡ, മുതിർന്ന എം.എൽ.എ ആർ. അശോക, മറ്റു ബി.ജെ.പി എം.എൽ.എമാർ തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുത്തു. യോഗത്തിൽനിന്ന് ബൈരതി ബസവരാജും എസ്.ടി. സോമശേഖറും വിട്ടുനിന്നു.

പാർട്ടി വിടുന്നതിനെ കുറിച്ച് ചില എം.എൽ.എമാർക്ക് ചിന്തയുണ്ടെന്ന് സമ്മതിച്ച യെദിയൂരപ്പ പക്ഷേ, ആരും വിടില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘‘ആരും പാർട്ടി വിടില്ല. പല കാരണങ്ങളാൽ ചിലർ പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഞങ്ങൾ അവരുമായി ചർച്ച നടത്തിവരുകയാണ്. ആരും പാർട്ടി വിടില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്’’ -യെദിയൂരപ്പ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2019ൽ സർക്കാറിനെ അട്ടിമറിച്ച് ബി.ജെ.പിയിലേക്ക് പോയവരടക്കം ചില എം.എൽ.എമാരെ പ്രതിപക്ഷത്തുനിന്ന് കോൺഗ്രസിലെത്തിക്കുമെന്ന് കഴിഞ്ഞയാഴ്ച കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ സൂചന നൽകിയിരുന്നു.

ഓപറേഷൻ താമരയെ തുടർന്ന് 17 എം.എൽ.എമാർ രാജി സമർപ്പിച്ചതോടെയാണ് 2019ൽ സഖ്യസർക്കാർ വീണത്. അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയിൽ വിശ്വാസമർപ്പിച്ചാണ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേക്കേറിയത്. എന്നാൽ, യെദിയൂരപ്പ ഭരണത്തിൽനിന്നിറങ്ങിയശേഷം ഈ നേതാക്കൾക്ക് ബി.ജെ.പിയിൽ കാര്യമായ പിന്തുണ ലഭിക്കാതായതോടെയാണ് മടങ്ങിവരവിന് കളമൊരുങ്ങുന്നത്.

ഇതേക്കുറിച്ച് എസ്.ടി. സോമശേഖറും ശിവറാം ഹെബ്ബാറും വെളിപ്പെടുത്തൽ നടത്തിയിരുന്നു. സിറ്റിങ് എം.എൽ.എമാരും മുൻ എം.എൽ.എമാരുമടക്കം 15ഓളം പേർ ബി.ജെ.പിയിൽനിന്നും ജെ.ഡി.എസിൽനിന്നുമായി കോൺഗ്രസിലെത്തുമെന്ന് കൃഷിമന്ത്രി എൻ. ചലുവരായ സ്വാമി പറഞ്ഞു.

എന്നാൽ, ബി.ജെ.പി എം.എൽ.എമാർ പാർട്ടി വിടുന്നുവെന്ന പ്രചാരണം കോൺഗ്രസിന്റെ ഭരണപരാജയം മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ചില ബി.ജെ.പി എം.എൽ.എമാർ ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയും വെളിപ്പെടുത്തി. 

Tags:    
News Summary - Operation Thamara backfires in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.