ബംഗളൂരു: അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ ഫലസ്തീൻ അനുകൂല പരിപാടിക്ക് ബംഗളൂരുവിൽ അനുമതി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തെത്തി. ബംഗളൂരു പൊലീസിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് വിശദീകരണം.
ലോക്കൽ പൊലീസിലെ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള അവകാശത്തെ അനുവദിക്കാൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
താഴ്ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ തെറ്റായ അനുമാനപ്രകാരം ചില ആശയക്കുഴപ്പങ്ങളുണ്ടായി എന്ന് മനസ്സിലാക്കുന്നു. ഇനി ഉണ്ടാവാൻ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ട്. പാട്ടോ കവിതയോ നാടകമോ സംഗീതമോ എന്തുമാകട്ടെ, ഏതുരൂപത്തിലുള്ള അവതരണവും മനഃപൂർവം തടയാൻ സർക്കാറിന് ഉദ്ദേശ്യമില്ലായിരുന്നെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നവംബർ 29ന് കവിതയും നാടകവുമായി ജെ.പി നഗർ രംഗശങ്കരയിൽ സംഘടിപ്പിക്കാനിരുന്ന പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.
ഗായിക എം.ഡി. പല്ലവി, ശ്വേതാൻഷു ബോറ എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. നാടക രചയിതാവും സംവിധായകനുമായ രാംനീക് സിങ്ങിനെ വിശിഷ്ടാതിഥിയായും ക്ഷണിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച ബംഗളൂരു സൗത്ത് ഡിവിഷൻ പൊലീസ്, സംഘാടകരോട് അവസാന നിമിഷം പരിപാടി റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതേ തുടർന്ന് വൻവിമർശനമാണ് സമൂഹമാധ്യമങ്ങളിലുയർന്നത്.
കർണാടകയിൽ കോൺഗ്രസ് സർക്കാറിന് കീഴിൽപോലും ആവിഷ്കാര സ്വാതന്ത്ര്യം തടയപ്പെടുകയാണെന്നും സംഘ്പരിവാറിനെ നിലക്കുനിർത്താൻ പൊലീസിന് കഴിയുന്നില്ലെന്നും വിമർശനമുയർന്നു. പരിപാടി പിന്നീട് അനുമതിയോടെ ശനിയാഴ്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.