ബംഗളൂരു: ഇസ്രായേലിന്റെ ക്രൂരമായ നരനായാട്ട് തുടരുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി നഗരത്തിൽ പരിപാടി നടത്തിയവർക്കെതിരെ പൊലീസ് നടപടി. നവംബർ അഞ്ചിനാണ് സെന്റ് മാർക്ക്സ് റോഡിൽ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടന്നത്. ഇതിന് അനുമതിയില്ലായിരുന്നുവെന്നും സ്വമേധയാണ് കേസെടുത്തതെന്നും മൂന്നുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബൈശാലി ഡേ, ജി. ശശാങ്ക്, മുഹമ്മദ് ഖാലിഫ് എന്നിവർക്കെതിരെയാണ് കേസ്. ചോദ്യംചെയ്യലിന് ഹാജരാകാൻ 20ഓളം പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
സെന്റ്മാർക്ക്സ് റോഡിനരികെയുള്ള ബൗറിങ് പെട്രോൾ പമ്പിനരികിൽ 25ാളം ആളുകൾ കൂട്ടംചേർന്നുവെന്നും ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
‘വംശഹത്യ തടയുക’, ‘ഉപരോധം അവസാനിപ്പിക്കുക’, ‘ഫലസ്തീനെ രക്ഷിക്കുക’, ‘ഫലസ്തീനൊപ്പം നിൽക്കുക’ എന്നിങ്ങനെ എഴുതിയ പ്ലക്കാഡുകളും ഇവർ ഉയർത്തിയിരുന്നു. ഹൈകോടതി ഉത്തരവനുസരിച്ച് നഗരത്തിൽ പ്രതിഷേധപരിപാടികൾ നടത്താൻ അനുമതി ഇല്ലെന്നും ഇതറിയിച്ചിട്ടും പ്രതിഷേധം തുടർന്നുവെന്നും ഇത് കാൽനടയാത്രക്കാർക്കും ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും പൊലീസ് പറയുന്നു. നഗരത്തിൽ ഫ്രീഡം പാർക്കിൽ അല്ലാതെ മറ്റിടങ്ങളിൽ സമരങ്ങളും പ്രകടനങ്ങളും നടത്തുന്നത് കർണാടക ഹൈകോടതി നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.