ബംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമയുടെ മറവിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ കാർക്കള പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിഷ് ആർട്ട് വേൾഡിലെ ശിൽപി കൃഷ്ണ നായ്ക് സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. ക്രമക്കേടുകൾ നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് പൊലീസ് അന്വേഷണം തുടരേണ്ടതുണ്ടെന്ന് വിധിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഹരജിക്കാരന്റെ അഭിഭാഷകൻ അരൺ ശ്യാമിന്റെ വാദം കോടതി നിരാകരിച്ചു.
വെങ്കലം എന്ന വ്യാജേന ഫൈബർ പ്രതിമ സ്ഥാപിച്ചതിനാൽ തകർന്നു എന്നായിരുന്നു കേസിന് ആസ്പദമായ പരാതി. എന്നാൽ, വെങ്കലത്തിൽ തീർത്ത കൂറ്റൻ പ്രതിമയുടെ കാലുകൾ ഉൾപ്പെടെ ഭാഗങ്ങൾ ബംഗളൂരു കെങ്കേരിയിലെ ഗോഡൗണിൽ നിന്ന് കണ്ടെത്തി. ഇതോടെയാണ് ശിൽപി തനിക്കെതിരെ കെട്ടിച്ചമച്ച കേസ് തള്ളണം എന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. പ്രതിമ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉഡുപ്പി ജില്ല നിർമിതി കേന്ദ്ര പ്രോജക്ട് ഡയറക്ടർ കെ. അരുൺ കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
കാർക്കള നള്ളൂരിലെ കൃഷ്ണ ഷെട്ടിയുടെ പരാതിയിലാണ് ശിൽപിക്കെതിരെ കേസെടുത്തതും അരുൺ കുമാറിനെ സസ്പെൻഡ് ചെയ്തതും. പ്രതിമ സ്ഥാപിക്കാൻ കൃഷ്ണ നായ്ക് ഉഡുപ്പി നിർമിതി കേന്ദ്രയിൽ നിന്ന് 1.30 കോടി രൂപ കൈപ്പറ്റി വഞ്ചന കാണിച്ചു എന്നാണ് പരാതിയിൽ പറഞ്ഞത്. ഈ ക്രമക്കേടുകൾ നിർമിതി കേന്ദ്ര ഡയറക്ടറുടെ അറിവോടെ എന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നത്. 11.05 കോടി രൂപയുടെ പദ്ധതിക്ക് 6.72 കോടി രൂപ നിർമിതി കേന്ദ്രക്ക് അനുവദിച്ചിരുന്നു.
നിർമാണത്തിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയത് കോൺഗ്രസ് നേതാക്കളും നാട്ടുകാരുമാണ് പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കലപ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. ആ വർഷം മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രി കാർക്കള എം.എൽ.എ വി. സുനിൽ കുമാർ തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്.
ഭൂനിരപ്പിൽനിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമ നിർമാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്. ഇതിൽ ഒമ്പത് ടൺ ഭാരമുള്ള ഭാഗങ്ങളാണ് ബംഗളൂരുവിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.