ബംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകനെ ചിക്കമകളൂരു ടൗൺ പൊലീസ് മർദിച്ച സംഭവം പൊലീസ്-അഭിഭാഷക പോരിലേക്ക്. ഇരുവിഭാഗവും പരസ്പരം ആരോപണവുമായി തെരുവിലിറങ്ങി. സബ് ഇൻസ്പെക്ടറെയും അഞ്ചു പൊലീസുകാരെയും സസ്പെൻഡ് ചെയ്തതിനെതിരെ പൊലീസുകാരും കുടുംബാംഗങ്ങളും തെരുവിലിറങ്ങിയതിനു പിന്നാലെ ബാർ അസോസിയേഷൻ ബാനറിൽ അഭിഭാഷകരും കോടതി ബഹിഷ്കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തി.
മൈസൂരുവിൽ അസോസിയേഷൻ നേതൃത്വത്തിൽ പൊലീസിനെതിരെ മുദ്രാവാക്യവുമായി കോടതി സമുച്ചയ പരിസരം മുതൽ രാമസ്വാമി സർക്കിൾ വരെ മനുഷ്യച്ചങ്ങല തീർത്തു. അതേസമയം, കേസ് സി.ഐ.ഡിക്ക് കൈമാറിയതായി മംഗളൂരു ഡിവിഷൻ ഐ.ജി ചന്ദ്രഗുപ്ത അറിയിച്ചു.
അഡ്വ. കെ. പ്രീതത്തെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ച സംഭവത്തിൽ എസ്.ഐ മഹേഷ് പൂജാരിയെയും അഞ്ചു പൊലീസുകാരെയും ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് വിക്രം അമത്തെ സസ്പെൻഡ് ചെയ്തിരുന്നതായി മൈസൂരു ബാർ അസോസിയേഷൻ പ്രസിഡന്റ് എം. മഹാദേവസ്വാമി പറഞ്ഞു. ഇതേത്തുടർന്ന് അഭിഭാഷകർ പൊലീസുകാരെ മർദിച്ചു എന്ന കേസ് കെട്ടിച്ചമക്കുകയായിരുന്നു. വധശ്രമം (307) ചുമത്തപ്പെട്ട പൊലീസുകാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന അപഹാസ്യ നടപടിയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകനെ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് തടഞ്ഞ് ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. അത് ശരിയല്ല, പിഴയടക്കാം എന്നു പറഞ്ഞതോടെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നും കുഴഞ്ഞുവീണ താൻ ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലായിരുന്നെന്നും അഭിഭാഷകൻ പരാതിയിൽ പറയുന്നു. പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്താൻ എത്തിയ അഭിഭാഷകർ ആക്രമിച്ചതായി ആരോപിച്ച് അടുത്ത ദിവസം ചിക്കമകളൂരു ടൗൺ സ്റ്റേഷനിലെ പൊലീസുകാരും ബന്ധുക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചു.
അഡ്വ. പ്രീതം എ.എസ്.ഐ ഗുരുപ്രസാദിനെ അടിച്ചുവെന്നും മറ്റ് അഭിഭാഷകർ അക്രമം നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്തുവെന്നും പൊലീസ് ആരോപിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രിമാരായ ബി.ജെ.പി നേതാവ് ബസവരാജ് ബൊമ്മൈയും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.