ബംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ബി.ബി.എം.പിയെ വിമർശിച്ച് കർണാടക ഹൈകോടതി. റോഡിലെ കുഴികൾ അടക്കുന്നതിൽ ബി.ബി.എം.പിക്ക് വീഴ്ച പറ്റിയതായി ഹൈകോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് വിജയ് മേനോൻ എന്നയാളടക്കം ഒരുകൂട്ടം പേർ നൽകിയ ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഭരണകർത്താക്കൾക്കെതിരെ വിമർശനമുന്നയിച്ചത്. ബംഗളൂരുവിലെ റോഡുകളിലെ കുഴി കാരണം അപകടമരണം വർധിച്ചതായും മതിയായ സാങ്കേതികവിദ്യ ഉപയോഗിച്ചല്ല കുഴിയടക്കുന്നതെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. റോഡിലെ കുഴിയടക്കുന്നതിൽ ബി.ബി.എം.പി പൂർണമായും പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചെന്നും എത്ര കുഴികൾ അടച്ചെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥരോട് കോടതി നിർദേശിച്ചു. ബി.ബി.എം.പിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കുഴിയടച്ചതിന്റെ ലഭ്യമായ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വിഷയത്തിൽ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, കേസ് വീണ്ടും വാദം കേൾക്കാൻ നവംബർ രണ്ടിലേക്ക് മാറ്റിയതായി ഡിവിഷൻ ബെഞ്ച് അറിയിച്ചു.
ബംഗളൂരു നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് ഭരണകക്ഷിയായ ബി.ജെ.പിയെ കുറ്റപ്പെടുത്തി പ്രതിപക്ഷമായ കോൺഗ്രസും ജെ.ഡി-എസും രംഗത്തെത്തി. 40 ശതമാനം കമീഷൻ സർക്കാറാണ് ജനങ്ങളുടെ ദുരിതത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ബംഗളൂരു നഗരത്തിലെ റോഡിലെ കുഴികൾ മരണക്കെണികളായെന്ന് കർണാടക കോൺഗ്രസിന്റെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. ബംഗളൂരുവിലെ റോഡുകളിൽ ജനങ്ങൾ മരിക്കുമ്പോൾ ബി.ജെ.പി സർക്കാർ ഉറങ്ങുകയാണ്. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ അദ്ദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.