ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണം തുടരുന്ന റോബോട്ടിക് വാഹനമായ Pragyan Rover വഴി തിരിച്ചുവിട്ടു. ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്നതിനിടെ മുന്നിൽ ഗർത്തം കണ്ടെത്തിയതോടെയാണ് സഞ്ചാരഗതി മാറ്റിയത്. ഞായറാഴ്ച റോവർ നാലുമീറ്റർ കൂടി സഞ്ചരിച്ച ശേഷമാണ് മൂന്ന് മീറ്റർ മുന്നിലായി ഗർത്തം കണ്ടെത്തിയത്. ഇതോടെ വഴിമാറാൻ നിർദേശം നൽകിയതായും റോവർ പുതിയ വഴിയിൽ സുരക്ഷിതമായി സഞ്ചരിക്കുന്നതായും ഐ.എസ്.ആർ.ഒ അറിയിച്ചു. റോവറിലെ നാവിഗേഷൻ കാമറ കണ്ടെത്തിയ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു.
ലാൻഡറിലെ പരീക്ഷണ ഉപകരണമായ ചാസ്തെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ താപനിലയെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രധാന വിവരങ്ങൾ നൽകിയിരുന്നു. ഇതുസംബന്ധിച്ച് ഐ.എസ്.ആർ.ഒ പുറത്തുവിട്ട ഗ്രാഫ് സൂചിക വിശകലനം ചെയ്തുള്ള കൃത്യതയാർന്ന വിവരങ്ങളും പുറത്തുവന്നു. സൂര്യപ്രകാശം പതിക്കുന്ന വേളയിൽ ചന്ദ്രന്റെ പ്രതലത്തിൽനിന്ന് 10 മില്ലിമീറ്റർ ഉയരത്തിൽ താപനില 56 ഡിഗ്രിക്ക് മുകളിലും പ്രതലത്തിൽ 47 ഡിഗ്രിക്ക് മുകളിലും പ്രതലത്തിനുള്ളിൽ (ലൂണാർ സബ് സർഫേസ്) 85 മില്ലിമീറ്റർ താഴെ മൈനസ് 10 ഡിഗ്രി സെൽഷ്യസുമാണ് താപനില. ചന്ദ്രന് താഴേക്ക് 10 മില്ലിമീറ്റർ ചെല്ലുമ്പോൾ 42 ഡിഗ്രി, 20 മില്ലിമീറ്റർ ചെല്ലുമ്പോൾ 35 ഡിഗ്രി, 30 മില്ലിമീറ്റർ ചെല്ലുമ്പോൾ 30 ഡിഗ്രി, 50 മില്ലിമീറ്റർ എത്തുമ്പോൾ 22 ഡിഗ്രി, 65 മില്ലിമീറ്റർ താഴുമ്പോൾ അഞ്ച് ഡിഗ്രി എന്നീ താപനിലയിലുമെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.