ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ ഒളിവിലുള്ള പ്രതികളെ പിടിക്കാൻ സഹായിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).
പ്രതികളായ അബ്ദുൽനാസർ, നൗഷാദ്, അബ്ദുൽ റഹ്മാൻ എന്നീ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർക്കായാണ് എൻ.ഐ.എ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിവരങ്ങൾ കൈമാറുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. 22ാം പ്രതിയും 41 വയസ്സുകാരനുമായ അബ്ദുൽ നാസർ കുടക് ജില്ലയിലെ സോമവാർപേട്ട് താലൂക്കിലെ ചൗദി കോൺവെന്റ് റോഡ് സ്വദേശിയാണ്.
23ാം പ്രതിയാണ് 32കാരനായ നൗഷാദ്. ഇയാൾ ദക്ഷിണ കന്നട ജില്ലയിലെ ബൽത്തങ്ങാടി താലൂക്ക് പൊയ്യഗുദ്ദേ പടനങ്ങാടി സ്വദേശിയാണ്. 36 വയസ്സുള്ള 24ാം പ്രതിയാണ് അബ്ദുറഹിമാൻ. കുടക് ജില്ലയിലെ സോമവർപേട്ട് താലൂക്കിലെ കലകണ്ടുർ സ്വദേശിയാണിയാൾ.
ദക്ഷിണ കന്നട ജില്ലയിലെ ബെള്ളാരിയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ 2022 ജൂലൈ 26നാണ് ബൈക്കുകളിൽ എത്തിയ സംഘം കൊലപ്പെടുത്തിയത്. പ്രവീൺ കൊല്ലപ്പെട്ട സുള്ള്യ ബെല്ലാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാർ പ്രവർത്തകരാണ് ഈ കേസിൽ പ്രതികൾ. ഇതിന്റെ പ്രതികാരമായാണ് പ്രവീണിന്റെ കൊലപാതകമെന്നാണ് പൊലീസും എൻ.ഐ.എയും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.