ബംഗളൂരു: സംസ്ഥാനത്തെ വനമേഖലകളില്‍ ചന്ദനക്കൊള്ള തടയാൻ പുതുപദ്ധതിയുമായി വനംവകുപ്പ്. ചന്ദനമരങ്ങളില്‍ ചിപ്പുകള്‍ സ്ഥാപിച്ച് കവർച്ച തടയുകയാണ് ലക്ഷ്യം. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി (ഐ.ഐ.എസ്.സി) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചിപ് ഘടിപ്പിക്കുന്നതോടെ ചന്ദനമരം മുറിക്കുമ്പോൾ വിവരം വനംവകുപ്പ് ഓഫിസുകളിൽ അറിയും. മരം അസാധാരണമായി ചലിക്കുമ്പോള്‍ ചിപ്പുകളില്നിന്ന് അപായ സന്ദേശം വനം വകുപ്പിന്റെ ഓഫിസുകളില്‍ ലഭിക്കുന്നതാണ് ഈ സംവിധാനം. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തെത്തി കവര്‍ച്ച തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒരോ മരവും നില്ക്കുന്ന പ്രദേശമുള്‍പ്പെടെയുള്ള വിവരങ്ങളും ചിപ്പിലൂടെ ലഭിക്കും. ചിപ്പുകള്‍ ഐ.ഐ.എസ്.സിയാണ് നിര്‍മിക്കുക. ഇതിനൊപ്പം രാത്രിയിലും വ്യക്തമായ ദൃശ്യങ്ങള്‍ ലഭിക്കുന്ന നിരീക്ഷണ കാമറകളും ചന്ദനമരങ്ങള്‍ കൂടുതലായുള്ള വനമേഖലകളില്‍ സ്ഥാപിക്കും.
ചന്ദനക്കടത്ത് സംഘങ്ങളെ പിടികൂടാനുള്ള നടപടികളും വനം വകുപ്പ് സ്വീകരിച്ചുവരുകയാണ്. പൊലീസുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ പരിശോധന നടത്തിവരുകയാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിന് ഗാര്‍ഡുമാരെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. എന്നാൽ, അതിവിദഗ്ധമായി മരം മുറിച്ചുകടത്തുന്നതാണ് കവര്‍ച്ചക്കാരുടെ പതിവ്. മരം മുറിക്കാനുള്ള പ്രത്യേക യന്ത്രസംവിധാനങ്ങള്‍ കവര്‍ച്ചക്കാരുടെ പക്കലുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടുന്ന സാഹചര്യമുണ്ടായാല്‍ ആക്രമിച്ച് രക്ഷപ്പെടുകയാണ് കൊള്ളസംഘത്തിന്റെ രീതി. ഇതിനാൽ ഒന്നോ രണ്ടോ ഗാര്‍ഡുകള്‍ മാത്രം കാവലുള്ള പ്രദേശങ്ങളില്‍ താരതമ്യേന പരിശോധനകളും കുറവാണ്. ഈ സാഹചര്യത്തിലാണ് ചിപ് ഘടിപ്പിക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.