ബംഗളൂരു: ഗതാഗത നിയമ ലംഘനം പതിവാക്കിയ ബൈക്ക് യാത്രികന് ബംഗളൂരു ട്രാഫിക് പൊലീസ് നൽകിയത് വമ്പൻ പിഴ. കെ.ആർ പുരം ആർ.ടി.ഒക്കുകീഴിൽ രജിസ്റ്റർ ചെയ്ത കെ.എ 04 കെ.എഫ്. 9072 നമ്പർ ബൈക്കിന്റെ പേരിൽ 643 ഗതാഗത ലംഘന കേസുകളാണുള്ളത്. ഇയാൾക്ക് ആകെ 3.42 ലക്ഷം രൂപ പിഴ ചുമത്തി. മാല എന്ന സ്ത്രീയുടെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിഴ ചുമത്തിയ മിക്ക രസീതുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ കാമറകളിൽനിന്നുള്ള ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നൽകിയത്. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിലാണ് കൂടുതൽ പിഴയും.
ആർ.ടി നഗർ തരളുബാലു ജങ്ഷനിലെ കാമറക്ക് കീഴിലാണ് കൂടുതൽ ഗതാഗത ലംഘനവും നടന്നത്. 90,000 രൂപ വിലവരുന്ന ബെക്കിന് അതിന്റെ മൂന്നിരട്ടിയിലേറെയാണ് പിഴ ലഭിച്ചത്.
നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗതാഗത നിയമ ലംഘനങ്ങളുടെ 96 ശതമാനവും എ.ഐ കാമറകളിലൂടെയാണ് എന്നതാണ് പ്രത്യേകത. മുമ്പ് നടത്തിയ പോലെ പൊലീസ് പാതയോരത്ത് കാത്തുനിന്ന് ഇപ്പോൾ വാഹന പരിശോധന നടത്താറില്ല. 2022ൽ 1.04 കോടി ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 96.2 ലക്ഷം കേസുകളും എ.ഐ കാമറകളിലൂടെയാണ്. നഗരത്തിൽ 50 പ്രധാന ജങ്ഷനുകളിലായി 250 എ.ഐ എനേബ്ൾഡ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ (എ.പി.എൻ.ആർ) കാമറകളും 80 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ (ആർ.എൽ.വി.ഡി) കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ അവതരിപ്പിച്ച ദ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്) ട്രാഫിക് പൊലീസ് ഇടപെടലില്ലാതെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി വാഹന ഉടമയുടെ വിലാസത്തിലേക്ക് നോട്ടീസും നമ്പറിലേക്ക് മെസേജും അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.